പരപ്പനങ്ങാടി നഗരസഭയിൽ ഉപാധ്യക്ഷ സ്ഥാനം കോൺഗ്രസിന് ; ബി.പി. ഷാഹിദയും വി.കെ. സുഹറാബിയും സ്ഥാനമേറ്റു.


പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ പുതിയ വൈസ് ചെയർപേഴ്സണും വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഡിവിഷൻ 41 ലെ കൗൺസിലർ കോൺഗ്രസിലെ ബി.പി. ഷാഹിദ വൈസ് ചെയർപേഴ്സണായും, ഡിവിഷൻ ആറിലെ കൗൺസിലർ മുസ്ലിംലീഗിലെ വി.കെ. സുഹറാബി വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായാണ് സ്ഥാനമേറ്റത്.
ബുധനാഴ്ച രാവിലെ നടന്ന വേട്ടെടുപ്പിൽ ബി.പി. ഷാഹിദക്ക് 26 വോട്ടും വി.കെ. സുഹറാബിക്ക് അഞ്ച് വോട്ടും ലഭിച്ചു. എൽ.ഡി.എഫിലെ മഞ്ജുഷ പ്രലോഷ് ആണ് ഇരുസ്ഥാനത്തേക്കും മത്സരത്തിനുണ്ടായിരുന്നത്.
ബി.ജെ.പി. അംഗങ്ങളുടെ മൂന്ന് വോട്ടും ഒരു മുസ്ലിംലീഗ് അംഗത്തിന്റെ വോട്ടും അസാധുവായി. യു.ഡി.എഫിലെ മൂന്ന് അംഗങ്ങൾ അവധിയിലായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.
ചെയർമാൻ സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ആദ്യമൂന്ന് വർഷത്തിന് ശേഷം ചെയർമാനായിരുന്ന എ. ഉസ്മാൻ നേരത്തെ രാജിവെച്ചിരുന്നു.
തുടർന്ന് യൂത്ത് ലീഗ് നേതാവ് പി.പി. ഷാഹുൽ ഹമീദാണ് നഗരസഭാ ചെയർമാനായി സ്ഥാനമേറ്റത്.