ഇനി മുതൽ ‘സെൽഫ് മീറ്റർ റീഡിങ്’; കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ഉപയോക്താവിന് കറന്റ് ബിൽ സ്വയം രേഖപ്പെടുത്താം


കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജിൽ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങൾക്കായുള്ള സ്ഥലവും കാണാം. ഇന്നു മുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക.
ഇതിനായി പ്രത്യേക ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജിലെത്തിയാൽ തൊട്ടുമുൻപത്തെ റീഡിങ് സ്ക്രീനിൽ കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്.
മീറ്റർ ഫോട്ടോ എന്ന് ഓപ്ഷൻ തെരഞ്ഞെടുത്താൽ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റർ റീഡിങ് പൂർത്തിയായെന്നു കൺഫേം മീറ്റർ റീഡിങ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ സെൽഫ് മീറ്റർ റീഡിങ് പൂർത്തിയാകും. അതതു പ്രദേശത്തെ കെഎസ്ഇബി മീറ്റർ റീഡറുടെ ഫോൺ നമ്പറും ആ പേജിൽ ലഭ്യമായിരിക്കും.
ഉപയോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ചശേഷം മീറ്റർ റീഡർമാർ അടയ്ക്കേണ്ട തുക ഉപയോക്താവിനെ എസ്എംഎസിലൂടെ അറിയിക്കും. കെഎസ്ഇബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും മീറ്റർ റീഡിങ് സ്വയം ചെയ്യാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ റീഡർമാർ നേരിട്ടുവന്നു വിവരങ്ങൾ രേഖപ്പെടുത്തേണ്ടി വരും.