NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

അദാനി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവെച്ചു. അദാനിയെ ഭരണകൂടം സംരക്ഷിക്കുന്നതായി പ്രതിപക്ഷം സഭയിൽ ആരോപിച്ചു. അദാനി വിഷയത്തിനുപുറമേ സംഭാല്‍ വിഷയവും മണിപ്പൂര്‍ കലാപവും അടിയന്തര വിഷയങ്ങളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി.

അദാനി യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമുള്ള യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണത്തിന് പിന്നാലെയാണ് പ്രതിപക്ഷം ലോക്‌സഭ സ്തംഭിപ്പിച്ചത്. ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലും കോണ്‍ഗ്രസ് ലോകസഭയില്‍ ഉയർത്തിയിരുന്നു.

 

അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അദാനിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യയില്‍ അദാനിയെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും വിമര്‍ശിച്ചു.

 

അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അദാനിക്കു പിന്നില്‍ വലിയ കണ്ണികളാണുള്ളതെന്നും സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണെന്നും അദാനി ഉള്‍പ്പെട്ട അഴിമതി കേസില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

 

അതേസമയം ഗൗതം അദാനിയും സാഗര്‍ അദാനിയും കൈക്കൂലി നല്‍കിയതായി അമേരിക്കന്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല എന്നാണ് അദാനി ഗ്രൂപ്പിനെ പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ഇന്ന് പ്രതികരിച്ചത്. അദാനി ഗ്രൂപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് പരാമര്‍ശമെന്നും ആര്‍ക്ക് കൈക്കൂലി നല്‍കിയെന്നത് വ്യക്തമല്ലെന്നും റോഹ്ത്തഗി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!