കോഴിക്കോട് സ്വകാര്യ ലോഡ്‌ജിൽ താമസിക്കാൻ മുറിയെടുത്ത യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല
1 min read

നഗരത്തിലെ ലോഡ്‌ജ്മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ഇന്ന് എരഞ്ഞിപ്പാലത്തെ ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുൾ സനൂഫ് എന്നയാളെ ഇന്നലെ രാത്രി മുതൽ കാണാതായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
24-ാം തീയതി രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്‌ജിൽ മുറിയെടുത്തത്. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ മുറിയിൽനിന്ന് പുറത്തുപോയ യുവാവ് പിന്നീട് തിരികെ എത്തിയില്ലെന്നാണ് വിവരം.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടത്.
മുറിയിൽനിന്ന് ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ പോലീസ് കണ്ടെടുത്തു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു.
മൃതദേഹത്തിൽ പുറത്ത് പരിക്കുകൾ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നാണ് വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.