തിരൂരിൽ മായംചേർത്ത ചായപ്പൊടി വീണ്ടും പിടികൂടി


കടുപ്പം കൂട്ടാൻ ഉപയോഗിക്കുന്ന സിന്തറ്റിക് നിറം ചേർത്ത ചായപ്പൊടി പിടികൂടി ഭക്ഷ്യസുരക്ഷവകുപ്പ്.
തിരൂർ നഗരസഭയിലെ കാഞ്ഞിരക്കുണ്ടിലുള്ള വീട്ടിൽനിന്നാണ് മായം ചേർത്ത 70 കിലോ ചായപ്പൊടി പിടികൂടിയത്. തിരൂരിലെ തട്ടുകടകളിൽ വിതരണം ചെയ്യാനെത്തിച്ചതാണന്നാണ് പ്രാഥമിക വിവരം.
‘ഓപറേഷൻ തട്ടുകട’ എന്ന പേരിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് കടകളിൽനിന്ന് ഇത്തരം ചായപ്പൊടി കണ്ട ത്തുകയായിരുന്നു.
മലപ്പുറം മൊബൈൽ ടെസ്റ്റിങ് ലാബിൻ്റെ സഹായത്തോടെ പരിശോധിച്ചതിൽ മായം ചേർത്തിട്ടുണ്ടന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇവരിൽനിന്ന് വിതരണക്കാരെ കണ്ടെത്തുകയും ഭക്ഷ്യസുരക്ഷ ഓഫിസർ എം. എൻ. ഷംസിയ യുടെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരക്കുണ്ടിലെത്തി കണ്ടെടുക്കുകയുമായിരുന്നു.
സാമ്പ്ൾ കോഴിക്കോട് റീജനൽ അനലറ്റിക് ലാബിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം തിരൂരിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ തട്ടുകടകളിൽ നിന്ന് ഉപയോഗിച്ച 30 ലിറ്റർ പഴകിയ എണ്ണയും ബി.പി അങ്ങാടിയിലെ ഹോട്ടലിൽ നിന്ന് കൃത്രിമനിറം ചേർത്ത ചിക്കൻ ഷവായയും പിടിച്ചെടുത്തു.
പരിശോധനക്ക് ഭക്ഷ്യസുരക്ഷ ഓഫിസർ എൻ.എം. ഷംസിയ, ഉദ്യോഗസ്ഥനായ വി.എസ്. വിപിൻ, ടി. ലിജി, ടി.പി. ഗിരിജ, മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.