NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 53 ലക്ഷം തട്ടി മുങ്ങിയ മലപ്പുറം സ്വദേശി വിദേശത്ത് നിന്ന് വരവെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടിയില്‍

ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നായി 53 ലക്ഷത്തോളം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍.

 

മലപ്പുറം എടക്കര സ്വദേശി ടി.എം. ആസിഫിനെ (46) യാണ് ഞായറാഴ്ച രാത്രി വിദേശത്ത് നിന്ന് തിരിച്ചു വരവേ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുണ്ട്.

2022 ല്‍ നൂല്‍പ്പുഴ സ്വദേശി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതിക്കാരനില്‍ നിന്ന് 55,000 രൂപയാണ് കവര്‍ന്നത്. കേസിലുള്‍പ്പെട്ടതോടെ വിദേശത്തേക്ക് മുങ്ങിയ ആസിഫിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

 

2020 ജൂണ്‍ 25ന് ബത്തേരിയിലെ ഹോട്ടലില്‍ ഓണ്‍ലൈന്‍ ബിസിനസ് ആണെന്ന് പറഞ്ഞ് മണി സ്‌കീമിലേക്ക് ആളെ ചേര്‍ക്കുന്നതിനായി ‘മൈ ക്ലബ് ട്രേഡേഴ്‌സ് ട്രേഡ് സര്‍വീസസ്, ഇന്റര്‍നാഷണല്‍ എല്‍.എല്‍.പി’ എന്ന കമ്പനിയുടെ പേരില്‍ യോഗം വിളിച്ചായിരുന്നു തട്ടിപ്പ്.

ആളുകളെ ഓണ്‍ലൈന്‍ വേള്‍ഡ് ലെവല്‍ ബിസിനസ് ചെയ്യാമെന്ന് പറഞ്ഞ് പ്രേരിപ്പിച്ച് 29 പേരില്‍ നിന്നായി 53,20,000 രൂപ നേടിയെടുത്ത ശേഷം ലാഭമോ, അടച്ച തുകയോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.

 

ഈ കമ്പനിയുടെ പേരില്‍ ജില്ലകള്‍ തോറും പ്രമോട്ടര്‍മാരെ നിയമിച്ചു നിരവധി ആളുകളില്‍ നിന്ന് പണം തട്ടിയെന്ന് പൊലീസ് പറയുന്നു. കാസര്‍ഗോഡ്, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ സമാന സ്വഭാവമുള്ള കേസുകളുണ്ട്. ഈ കേസില്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരും ഡയറക്ടര്‍മാരും പ്രമോട്ടര്‍മാരുമുള്‍പ്പെടെ ഒമ്പത് പ്രതികളെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.