ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേർക്ക് പരിക്ക്


തിരൂരങ്ങാടി: ദേശീയപാത തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞ് 43 പേർക്ക് പരിക്ക്.
5 പേരെ വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്തു. കോഴിക്കോട് തൊട്ടിൽ പാലത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
ഇന്നലെ രാത്രി 10.50 നാണ് അപകടം. തലപ്പാറ സ്റ്റോപ്പിൽ ആളെ ഇറക്കിയ ശേഷം അൽപ ദൂരം മുന്നോട്ട് പോയപ്പോഴാണ് അപകടം. ബസ്സിനടിയിൽ നിന്ന് എന്തോ ശബ്ദം കേൾക്കുകയും പിന്നീട് നിയന്ത്രണം വിടുകയുമായിരുന്നു എന്നു ഡ്രൈവർ സുൾഫിക്കർ പറഞ്ഞു.
സർവീസ് റോഡിൽ നിന്ന് ബസ് വലത് വശത്തെ വയലിലേക്കാണ് തലകീഴായി മറിഞ്ഞത്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ നാട്ടുകാർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 3 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ കോട്ടക്കൽ സ്വകാര്യസ്പത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ 56 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവർ സ്ത്രീകളും വിദ്യാർഥികളും ആണ് കൂടുതൽ. രാത്രി നാട്ടുകാരുടെ നേതൃത്വത്തിൽ ബസ് ഉയർത്തി ബസ്സിനടിയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിച്ചിരുന്നു.