കോവിഡ് വ്യാപനം; സർക്കാരിന്റെ സത്യപ്രതിജ്ഞ 18 ന്


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകും. ഈ മാസം 18 ന് ശേഷം മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
അതേസമയം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ എം.വി.ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ അംഗങ്ങളായ പി. രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവർ മന്ത്രിമാരാകും.
സാധ്യതാപട്ടിക പ്രകാരം കെഎൻ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദൻ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോർജ്, പിപി ചിത്തരഞ്ജൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വരുന്നതെങ്കിൽ എസി മൊയ്തീൻ, ടിപി രാമകൃഷ്ണൻ എന്നീ മുൻ മന്ത്രിമാരുടെ സ്ഥാനം നഷ്ടമാവും.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഇന്നലെ നടത്തിയ ചർച്ചയിലാണ് പുതുമുഖ ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.