NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്‌കൂട്ടറിൽ പ്രണയിതാക്കളുടെ കറക്കം; ക്യാമറയിൽ കുടുങ്ങിയത് 35 തവണ; 44,000 രൂപ പിഴ

Illustration of couple riding motorcycle

ഗതാഗത നിയമം ലംഘിക്കുന്നത് പതിവായതോടെ കൊച്ചി സ്വദേശികളായ പ്രണയിതാക്കള്‍ക്ക് പിടിവീണു. നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്‌കൂട്ടറിലായിരുന്നു യുവാവും യുവതിയും സ്ഥിരം യാത്ര ചെയ്തിരുന്നത്.

 

ഹെല്‍മറ്റ് ധരിക്കാതെ അമിത വേഗത്തില്‍ സ്‌കൂട്ടറില്‍ പോകുന്ന ഇരുവരും 35 തവണയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകളില്‍ കുടുങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് സ്ഥിരം ലഭിക്കുന്നതാകട്ടെ മറ്റൊരാള്‍ക്കും. ഇയാള്‍ ആര്‍ടി ഓഫീസില്‍ സമീപിച്ചതോടെയാണ് സംഭവം ചുരുളഴിയുന്നത്.

 

നമ്പര്‍ പ്ലേറ്റില്‍ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ ശേഷമായിരുന്നു കൊച്ചി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും കറക്കം. ജനുവരി മുതല്‍ ഈ മാസം പകുതിവരെയുള്ള കാലയളവില്‍ ജില്ലയിലെ ഭൂരിഭാഗം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇരുവരും എത്തിയിരുന്നു. സ്‌കൂട്ടറിന്റെ ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് നോട്ടീസ് ലഭിച്ചിരുന്നത്.

 

ചെയ്യാത്ത തെറ്റിന് തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആര്‍ടി ഓഫീസിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു വാഹനമാണ് നിയമ ലംഘനം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്.

വിശദമായ അന്വേഷണം നടത്താന്‍ തന്നെ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങള്‍ ചേര്‍ത്ത് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു.

പ്രണയിക്കുന്ന യുവാവുമായാണ് യാത്രയെന്ന് യുവതി പറഞ്ഞു. ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നത് പിടികൂടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞതെന്നും യുവതി വ്യക്തമാക്കി. നിയമലംഘനത്തിന് യുവാവിന്റെയും യുവതിയുടെയും ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പുറമേ 44,000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അയ്യായിരം രൂപ ഇരുവരും അടച്ചിട്ടുണ്ട്. ബാക്കി തുക ലൈസന്‍സിന്റെ ഒരു മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി കഴിയും മുന്‍പ് അടയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *