NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആർ.എസ്.എസ്.പരിപാടിക്ക് പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ചതിൽ പ്രതിഷേധം

 

പരപ്പനങ്ങാടി : ആർ.എസ്.എസ്. പരിപാടിക്ക് പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ചതിൽ പ്രതിഷേധം. ആർ.എസ്.എസ്.വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച പരിപാടിക്കാണ് നഗരസഭ സ്റ്റേഡിയം അനുവദിച്ച് നൽകിയത്. ഒരു സംഘടനക്കും സ്‌റ്റേഡിയം അനുവദിക്കാറില്ലെന്നിരിക്കെ ആർ.എസ്.എസിന് പരിപാടി നടത്താൻ സ്റ്റേഡിയം അനുവദിച്ചതാണ്  പ്രതിഷേധത്തിനിടയാക്കിയത്.
സംഭവത്തിൽ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ആർ.എസ്.എസിൻ്റെ ആയുധ പരിശീലനത്തിന് സർക്കാർ സ്ഥലം വിട്ടുനൽകിയ ലീഗ് ഭരണസമിതി സർക്കാർ ഉത്തരവ് ലംഘിച്ചിരിക്കുകയാണന്നും ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കണമെന്നും എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി. നൗഫൽ, കെ. സിദ്ധീഖ്, അക്ബർ എന്നിവർ നേതൃത്വം നൽകി.
ഭരണ സമിതിയുടെ നടപടി അപലനീയം ; 
എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

പരപ്പനങ്ങാടി : ആർ.എസ്.എസിന് ആയുധ പരേഡ് നടത്താൻ പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം അനുവദിച്ച മുസ്ലിം ലീഗ് ഭരണസമിതിയുടെ നടപടി  അപലനീയമാണെന്ന് നഗരസഭാ എൽ.ഡി.എഫ് കൗൺസിലർമാർ. ആർ.എസ്.എസുമായി മുസ്ലീം ലീഗിന്റെ ചങ്ങാത്തം കുപ്രസിദ്ധമാണ്. പരപ്പനങ്ങാടിയിൽ നടന്ന എല്ലാ പഞ്ചായത്ത് – നഗരസഭ തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിനെ തോൽപിക്കാനും ഭരണംപിടിക്കാനും ലീഗ്  ആർ.എസ്.എസുമായി ഉണ്ടാക്കുന്ന രഹസ്യ സഖ്യം പരസ്യമാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ഡിവിഷൻ 32 ൽ ലീഗ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചതിന് പ്രത്യുപകാരമായി ആർ.എസ്.എസ് പ്രവർത്തകന് പരപ്പനങ്ങാടി സഹകരണ ബാങ്കിൽ ജോലി നൽകിയവരാണ് മുസ്ലീംലീഗുകാർ. നഗരസഭ തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രമുള്ള ഈ സമയത്ത് ആ അവിശുദ്ധ ബന്ധം അരക്കിട്ടുറപ്പിക്കാനാണ് അവുക്കാദർക്കുട്ടി നഹാ സാഹിബിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയം പോലും ആയുധപരേഡിന് വിട്ടു നൽകിയിട്ടുളളതെന്നും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. സംഭവത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

സ്റ്റേഡിയം അനുവദിച്ചത് സമിതിയുടെ അറിവോടെയല്ല ; നഗരസഭാധ്യക്ഷൻ
പരപ്പനങ്ങാടി : കായികവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ അനുവദിക്കേണ്ടതില്ലെന്ന കീഴ്വഴക്കം നിലനിൽക്കേ ആർ.എസ്.എസ്. പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് നഗരസഭാ ഭരണസമിതിയുടെ അറിവോടെയല്ലെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *