റേഷന്‍ മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി: മന്ത്രി ജി.ആര്‍.അനില്‍. ജില്ലയില്‍ ഇതുവരെ 79.16 ശതമാനം പൂര്‍ത്തിയായി
1 min read

അന്ത്യോദയ, പ്രയോറിറ്റി (മഞ്ഞ, പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടിയതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ അറിയിച്ചു.
മസ്റ്ററിങ് നടത്താന്‍ അനുവദിച്ചിരുന്ന സമയപരിധി എട്ടിന് കഴിഞ്ഞ സാഹചര്യത്തില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് കൂടി അവസരം ഒരുക്കാനാണ് സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.
മലപ്പുറം ജില്ലയില്‍ ആകെയുള്ള 20,58,344 അംഗങ്ങളില്‍ 16,29,407 പേര്‍ ഇതിനകം മസ്റ്ററിങ് നടത്തിയതായും അവശേഷിക്കുന്ന 4,28,937 പേര്‍ എത്രയും വേഗത്തില്‍ മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍ അറിയിച്ചു.
അനുവദിച്ച സമയപരിധിക്കുള്ളില്‍ വേഗത്തില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നും റേഷന്‍ കാര്‍ഡും കാര്‍ഡിലെ പേരും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തി റേഷന്‍ കടയില്‍ നിന്നും സൗജന്യമായി മസ്റ്ററിങ് ചെയ്യാവുന്നതാണ്.