ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് : എ.കെ.എം.എച്ച്.എസ് കോട്ടൂരും പെരിന്തൽമണ്ണയും ചാമ്പ്യന്മാർ.


പരപ്പനങ്ങാടി : ജില്ല വോളിബോൾ അസോസിയേഷൻ പരപ്പനങ്ങാടി ഡോട്ട്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ഡോട്ട്സ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തിയ ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ പി.ടി.എം താഴെക്കോടിനെ ഒന്നിന്നെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി എ.കെ.എം. ഹയർസെക്കൻഡറി സ്കൂളും ആൺകുട്ടികളുടെ വിഭാഗത്തിൽ പ്രിയദർശിനി പാറാലിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി പെരിന്തൽമണ്ണ വോളി ക്ലബ്ബും ചാമ്പ്യന്മാരായി. സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ വി.എഫ്.ഐ. മുൻ അസോസിയേറ്റ് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ വിതരണം ചെയ്തു. ചടങ്ങിൽ ജില്ല പ്രസിഡന്റ് എം. പ്രേമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയൻ്റ് സെക്രട്ടറി ബാബു പാലാട്ട്, ജില്ല ഭാരവാഹികളായ കെ.കെ. സുകുമാരൻ, പി. ഹുസൈൻ, ടി.പി. കുഞ്ഞിക്കോയ എന്നിവർ സംബന്ധിച്ചു.