മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നു..


തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തിലുള്ള വീട്ടിലെത്തി അംഗത്വം നൽകി.
കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ശ്രീലേഖ മൂന്നുവർഷംമുമ്പ് ഫയർഫോസ് മേധാവിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്.
സർവീസിന്റെ അവസാനകാലത്ത് സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു ശ്രീലേഖ. അതിനാൽത്തന്നെ വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. സ്വന്തം വ്ളോഗിലൂടെ നിലപാടുകൾ തുറന്നുപറഞ്ഞത് പലപ്പോഴും വലിയ വിവാദമായിരുന്നു.
ബിജെപി അംഗത്വം എടുക്കുകയാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കാനില്ലെന്നും ശ്രീലേഖ അറിയിച്ചു. ഏറെ കാലമായി പാർട്ടിയിൽ ചേരാൻ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടുവരികയായിരുന്നു എന്നും അവർ പറഞ്ഞു. നേരത്തെ തന്നെ ശ്രീലേഖയെ ബിജെപിയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാന നേതൃത്വം നടത്തിയിരുന്നു.
ചേർത്തല എ എസ് പിയായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ശ്രീലേഖ തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകലിൽ എസ് പിയായിരുന്നു. വിജിലൻസ്, ക്രൈംബ്രാഞ്ച്, ഐജി, എഡിജിപി ചുമതലകൾ വഹിച്ചു.