‘രാജാവ് നഗ്നനാണ്’ : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി തിരൂരങ്ങാടിയിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്.


മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവുമായി തിരൂരങ്ങാടിയിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്.
‘രാജാവ് നഗ്നനാണ്’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായി വിജയനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിക്കുന്നത്.
‘പാർട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്‍റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോൾ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജീർണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ?
തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ തന്നെ വളർത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയർപ്പിന്റെയും ചുടുചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവർ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം നേതാക്കൾക്കില്ലെങ്കിൽ തീർച്ചയായും അണികൾക്കിടയിൽ നിന്ന് “രാജാവ് നഗ്നനാണെന്ന്” വിളിച്ചു പറയാൻ തന്റേടമുള്ള ഒരു തലമുറ ഉയർത്തെഴുന്നേൽക്കും എന്ന് ഉറപ്പാണ്. സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റുകൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല, മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്.’ -നിയാസ് പുളിക്കലകത്ത് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്‍റെയും വിമർശനം. നിയമസഭ തെരഞ്ഞെടുപ്പിൽ നിയാസ് പുളിക്കലകത്ത് രണ്ടുതവണ തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.