എ.ഡി.ജി.പി. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ


തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍.
സംസ്ഥാന പോലീസ് മേധാവി ഷൈഖ് ദര്‍വേഷ് സാഹിബ് നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ സി.പി.ഐയില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക.
സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും.
സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനം സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. ഘടകകക്ഷിയായ സി.പി.ഐ. ഉള്‍പ്പെടെ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതോടെയാണ് ഒന്നരയാഴ്ചയ്ക്ക് ശേഷം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡി.ജി.പി. ഷൈഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ എം.ആര്‍. അജിത്ത് കുമാറിനെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിലും എ.ഡി.ജി.പി. സംശയത്തിന്റെ നിഴലിലാണ്. ക്രൈം ബ്രാഞ്ചാണ് മാമി കേസ് അന്വേഷിക്കുന്നത്. ഇതിനെല്ലാമൊപ്പം വിജിലന്‍സ് അന്വേഷണം കൂടി വരുന്നതോടെ ക്രമസമാധാന ചുമതലയില്‍ തുടരുക അജിത്ത് കുമാറിന് ഏറെ ബുദ്ധിമുട്ടാകും.