NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം; ഇരുവരുടെയും ഹര്‍ജികള്‍ തള്ളി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് സിബിഐ കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനും മുന്‍ എംഎല്‍എ ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി.

 

ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സിബിഐചുമത്തിയിട്ടുള്ളത്. ഇതു നിലനില്‍ക്കുമെന്നും ഇരുവരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

 

കൊലപാതകത്തിനായി ഗൂഢാലോചന നടന്നെന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഷുക്കൂറിന്റെ അമ്മ ആതിക്ക നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 34 പ്രതികളുള്ള കേസില്‍ പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ യഥാക്രമം 33, 34 പ്രതികളാണ്.

 

കേരളത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ഒന്നാണ് ഷുക്കൂര്‍ വധം. മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

 

പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപം പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ വയലില്‍ വെച്ച് വിചാരണ നടത്തിയശേഷം കീഴാറയിലെ ഒരു പാടത്തിട്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

വാഹനം ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് പി ജയരാജനെയും ടി വി രാജേഷിനെയും പ്രവേശിപ്പിച്ച തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ തങ്ങള്‍ക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നായിരുന്നു ജയരാജനും രാജേഷും വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *