NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിപക്ക് പിന്നാലെ മങ്കി പോക്സും?; രോഗ ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ; സംശയം ഉണ്ടാക്കിയത് തൊലിപ്പുറത്തെ തടിപ്പ്..!

എടവണ്ണയിൽ യുവാവിന് എംപോക്സ്‌ ലക്ഷണം. രോഗലക്ഷണം സംശയിക്കുന്നതിനെ തുടർന്ന് എടവണ്ണ സ്വദേശിയായ മുപ്പത്തിയെട്ടുകാരൻ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

ഒരാഴ്ച മുൻപ് ദുബൈയില്‍നിന്ന് എത്തിയ യുവാവാണ് നിരീക്ഷണത്തിലുള്ളത്.പനി ബാധിച്ചാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്. അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ തന്നെ തൊലിപ്പുറത്തെ തടിപ്പ് ശ്രദ്ധയില്‍ പെട്ടതാണ് അധികൃതരില്‍ എംപോക്സ്‌ സംശയം ഉണ്ടാക്കിയത്.

 

രോഗസ്ഥിരീകരണത്തിന് സ്രവ സാമ്ബിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.

ഈ മാസം ആദ്യം ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലായിരുന്ന യുവാവിലായിരുന്നു വൈറസ് ബാധ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് തിരുവാലി പഞ്ചായത്തില്‍ നിപ ബാധിച്ച്‌ വിദ്യാർഥി മരിച്ചത്. 151 പേർ നിരീക്ഷണത്തിലാണ്. ബെംഗളുരുവില്‍നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശിയായ വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പനി ബാധിച്ച്‌ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.

എന്താണ് എംപോക്സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി എന്നറിയപ്പെടുന്ന എംപോസ്ക്. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സമാനതകളേറെയാണ്.മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇഗ്ലണ്ട് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്‌സ് വൈറസാണ് എംപോക്‌സ് രോഗത്തിന് കാരണക്കാര്‍. മങ്കി പോക്‌സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമേറെയാണ്. എന്നാല്‍ രോഗ തീവ്രതയും മരണനിരക്കും വസൂരിയെ അപേക്ഷിച്ച്‌ കുറവാണ്.

പോക്‌സ് വൈറിഡേ കുടുംബത്തിലെ ഓര്‍ത്തോ പോക്‌സ് വിഭാഗത്തില്‍പ്പെടുന്ന ഡിഎന്‍എയുള്ള വൈറസ് ആണ് മങ്കി പോക്‌സിന് പിന്നില്‍. രണ്ട് ജനിതക ശ്രേണികളുള്ള മങ്കി പോക്‌സ് വൈറസുകളാണുള്ളത്. മധ്യ ആഫ്രിക്കന്‍ ( കോംഗോ ബേസിന്‍ ) വൈറസും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മങ്കി പോക്‌സ് വൈറസും. ഇതില്‍ മധ്യ ആഫ്രിക്കന്‍ ഇനമാണ് കൂടുതലായി കണ്ടുവരുന്നത് കൂടാതെ മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഇതിന് കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *