NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; പിന്നിൽ വലിയ ഗൂഢാലോചനയെന്ന് സുജിത് ദാസ്,

തിരുവനന്തപുരം:വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസ് പറഞ്ഞു. ആരോപണത്തിനെതിരെ കേസ് നല്‍കും.

 

2022ൽ തന്‍റെ എസ്‍പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ഇത്തരം ആരോപണവുമായി രംഗത്തെത്തിയത്.

 

ഒരു എസ്‍എച്ച് ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണ്. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. കുടുംബ പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിയമപരമായി നേരിടുമെന്നും സുജിത് ദാസ് പറഞ്ഞു.

 

ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്.

 

ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും സുജിത് ദാസ് പറഞ്ഞു.

 

അതേസമയം, മലപ്പുറം എസ്‍പിയായിരുന്ന സുജിത് ദാസിനെതിരെയും എസ്‍എച്ച്ഒ ആയിരുന്ന വിനോദും ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ ആരോപണം തള്ളുകയാണ് പൊലീസും. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കാൻ ഡിജിപിക്കും പരാതി നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

 

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 2022ൽ വീട്ടമ്മ എസ്‍എച്ച്ഒ വിനോദിനെതിരെ പരാതിയുമായി എസ്‍പിയെ സമീപിച്ചിരുന്നു. പരാതി അന്വേഷിക്കാൻ എസ്‍പി, ഡിവൈഎസ്‍പി ബെന്നിക്ക് കൈമാറി. വിശദമായ അന്വേഷണത്തില്‍ എസ്‍എച്ച്ഒക്കെതിരായ ആരോപണം തെറ്റാണെന്ന് താനൂര്‍ ഡിവൈഎസ്‍പി റിപ്പോര്‍ട്ട് നല്‍കിയതാണെന്നുമാണ് പൊലീസ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *