NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂര്‍ത്തിയായി; കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ണായക തീരുമാനം ഉടന്‍

കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. ഗവര്‍ണറെ മാറ്റുമോഇല്ലയോ എന്ന് ഈ മാസം അറിയാം. മുന്‍ ഗവര്‍ണറായിരുന്ന പി.സദാശിവം അഞ്ചുവര്‍ഷം തികയുന്ന ദിവസം തന്നെ മാറിയിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാരില്‍നിന്നും അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല.

 

ഗവര്‍ണര്‍മാര്‍ക്ക് അഞ്ചുവര്‍ഷം എന്ന കൃത്യമായ കാലാവധി പരിധിയില്ല. പുതിയ ഗവര്‍ണറെ നിയമിക്കുന്നതുവരെ തുടരാം. പി.സദാശിവം അഞ്ചുവര്‍ഷം തികച്ചപ്പോള്‍ തന്നെ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആറുമാസം തികയ്ക്കാത്ത ഷീല ദീക്ഷിത്തിന് സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു.

രണ്ടാഴ്ച മുന്‍പു ഡല്‍ഹിയില്‍ ആരിഎഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പലവിഷയങ്ങളിലും നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഈ കേസുകളില്‍ പലതും ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലാണ്.

 

നേരത്തെ ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലാ ഭരണത്തിലും ഗവര്‍ണര്‍ പിടിമുറുക്കിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയിരുന്നു. എന്നാല്‍, ഒന്‍പതു വിസിമാരുടെ രാജി ആവശ്യപ്പെട്ടാണു ഗവര്‍ണര്‍ തിരിച്ചടിച്ചത്.

വയനാട് ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്നു വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടും തുക നേടിയെടുത്തുമെല്ലാം ഗവര്‍ണര്‍ അടുത്തകാലത്തു സര്‍ക്കാരിനൊപ്പം നിന്നിരുന്നു. എങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ എന്നതും പകരം ആര് എന്നതും സര്‍ക്കാര്‍ ഉറ്റുനോക്കുന്നുണ്ട്.

 

ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനിലൂടെയാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഇസ്ലാം നവീകരണത്തിലും പുരോഗമന നയ രൂപീകരണത്തിലും സജീവമായി ഇടപെട്ടിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹലില്‍ 1951 ലാണ് ജനിക്കുന്നത്.

 

ഡല്‍ഹിയിലെ ജാമിയ മില്ലിയ സ്‌കൂള്‍, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, അലിഗഡ്, ലഖ്‌നൗ സര്‍വകലാശാലയിലെ ഷിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. ഖുറാനും സമകാലിക വെല്ലുവിളികളും എന്ന പേരിലുള്ള അദ്ദേഹത്തിന്റെ രചന 2010 ലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. സൂഫിസവുമായി ബന്ധപ്പെട്ട ലേഖനങ്ങളും കോളങ്ങളും ആരിഫ് മുഹമ്മദ് ഖാന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *