NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ ബോട്ടപകടം ; മുസ്‌ലിംലീഗ് നിർമിച്ചു നൽകുന്ന രണ്ട് വീടുകളുടെ താക്കോൽ വെള്ളിയാഴ്ച കൈമാറും

പരപ്പനങ്ങാടി : താനൂർ പൂരപ്പുഴ ബോട്ടപകടത്തിൽ പതിനൊന്ന് പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിർമിച്ചു നൽകുന്ന രണ്ട് വീടുകളുടെ താക്കോൽദാനം വെള്ളിയാഴ്ച നടക്കും.

 

ഈ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരുന്നു. നാല് കുട്ടികളും ഭാര്യയും മരിച്ച സെയ്തലവിക്കും മൂന്ന് കുട്ടികളും ഭാര്യയും നഷ്ടപ്പെട്ട സിറാജിനുമാണ് വീട്. രണ്ട് വീടുകളും അടുത്തടുത്ത് തന്നെയാണ് നിർമിച്ചിട്ടുള്ളത്. മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്.

 

വെള്ളിയാഴ്ച വൈകീട്ട് ആറിന് പുത്തൻകടപ്പുറം കെ.കുട്ടി അഹമ്മദ് കുട്ടി നഗറിൽ നടക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിക്കും.

 

ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, പി. അബ്ദുൽഹമീദ് എം.എൽ.എ, മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, സിദ്ധീഖലി രാങ്ങാട്ടൂർ, ബ്രീസ് ഹോൾഡിംഗ്‌സ് ചെയർമാൻ റഷീദലി ബാബു പുളിക്കൽ  തുടങ്ങിയവർ പങ്കെടുക്കും.

 

പത്രസമ്മേളനത്തിൽ ഉമ്മർ ഒട്ടുമ്മൽ, അലി തെക്കേപ്പാട്ട്, സി.അബ്ദുറഹ്‍മാൻ കുട്ടി, കെ.സൈതലവി, എച്ച്. ഹനീഫ, നവാസ് ചിറമംഗലം, കെ.പി. നൗഷാദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *