NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന 3,857 പേര്‍ക്ക് കൂടി രോഗബാധ;  999 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 32.05 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,648 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 04
171 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 32,001 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 37,391 പേര്‍

മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വ്യാഴാഴ്ച (ഏപ്രില്‍ 29) രേഖപ്പെടുത്തി. വ്യാഴാഴ്ച മാത്രം 3,857 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.05 പേര്‍ക്കാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും വൈറസ്ബാധിതരാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,648 പേര്‍ക്കും ഉറവിടമറിയാതെ 171 പേര്‍ക്കും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 21 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ വ്യാഴാഴ്ച ജില്ലയില്‍ 999 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,31,186 ആയി. ജില്ലയിലിപ്പോള്‍ 37,391 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 32,001 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 891 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 259 പേരും 363 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 669 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ കലക്ടര്‍

കോവിഡ് വ്യാപനം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ച് അറിയിച്ചു. രോഗപ്രതിരോധത്തിനായി അക്ഷീണ പ്രയത്‌നമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും നടത്തി വരുന്നത്. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവും ജില്ലയില്‍ നടന്നു വരികയാണ്. ഇതിനിടയിലും ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയാന്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നതിലേക്കാണ് ഇക്കാര്യം വിരല്‍ ചൂണ്ടുന്നത്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ വീഴ്ച വലിയ വെല്ലുവിളിയായി തീരും. സമൂഹ രക്ഷ മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജന ജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ത്തന്നെ കൃത്യമായ ജാഗ്രതയോടെയുള്ള നിയന്ത്രണങ്ങളിലൂടെ ഈ മഹാമാരിയെ നമുക്ക് മറികടക്കാനാകും. ഇതിന് പൊതുജന പങ്കാളിത്തം മുഖ്യ ഘടകമാണ്. ആശങ്കയില്ലാതെ അനിവാര്യമായ ജാഗ്രതയോടെയാണ് ഈ മഹാമാരിക്കാലത്തെ അതിജീവിക്കേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ജനപ്രതിനിധികളും പൊലീസും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നത് പൊതുജനാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടാണെന്ന് തിരിച്ചറിഞ്ഞുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടാകേണ്ടതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ അതിതീവ്രത നിസ്സാരമാക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യമൊഴിവാക്കാനുള്ള ജാഗ്രത ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണ സഹകരണം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. വൈറസ് സമൂഹ വ്യാപനം അതി തീവ്രമായി ജില്ലയില്‍ തുടരുകയാണ്. പൊതു സമ്പര്‍ക്കത്തിലൂടെയാണ് ഏറിയപേരും രോഗബാധിതരാകുന്നത്. ഇത് തിരിച്ചണിയണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ആവര്‍ത്തിച്ചുള്ള അറിയിപ്പുകള്‍ ഒരു കാരണവശാലും നിസ്സാരമായി കാണരുത്. അശ്രദ്ധ വലിയ വിപത്തിനാകും കാരണമാകുകയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് ബാധിതരാകുന്നവരെ ചികിത്സിക്കാനും നിരീക്ഷിക്കാനും നിലവില്‍ സംവിധാനങ്ങള്‍ സജ്ജമാണ്. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവും വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. സ്വയം സുരക്ഷിതരാകുന്നതിലൂടെ മാത്രമെ നിലവിലെ രോഗഭീഷണി അതിജീവിക്കാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Leave a Reply

Your email address will not be published. Required fields are marked *