NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലൈംഗിക പീഡന പരാതികൾ; മുകേഷിന്‍റെയും ചന്ദ്രശേഖരന്‍റെയും ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും, മുൻകൂർ ജാമ്യത്തിനായി സിദ്ദിഖും കോടതിയിലേക്ക്

സിനിമാ ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയരായ നടൻ മുകേഷിന്‍റെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഇരുവർക്കും ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

 

നടൻ മുകേഷിനു കോടതി 5 ദിവസം അറസ്റ്റ് തടഞ്ഞ് ആശ്വാസം നൽകിയിരുന്നെങ്കിലും അടുത്ത അവധിക്കു മുൻകൂർ ജാമ്യം നൽകുമോയെന്നതാണ് അന്വേഷണസംഘം നിരീക്ഷിക്കുന്നത്.

അറസ്റ്റ് തടഞ്ഞു സമയം കൊടുക്കുകയാണെങ്കിൽ അടുത്ത നടപടി അന്വേഷണസംഘം യോഗം ചേർന്നു തീരുമാനിക്കും. കാലപ്പഴക്കമുള്ള കേസുകളായതിനാൽ തെളിവുകൾ ലഭിച്ചില്ലെങ്കിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന് അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

അതിജീവിതയുടെ മൊഴി മാത്രം സ്വീകരിച്ചു കേസെടുക്കാമെന്ന സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് നിലവിൽ എല്ലാ പരാതികളിലും അന്വേഷണം മുന്നോട്ടുപോകുന്നത്. അതേസമയം നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും.

 

ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം.

 

മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ് വന്നിരുന്നു. വടക്കാഞ്ചേരിക്കടുത്തെ ഹോട്ടലിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2011 ൽ നടന്ന സംഭവമാണ് കേസിനാസ്പദമായത്. ഭാരതീയ ന്യായ സംഹിത 354,294 ബി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

 

മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കും. കേസിന്റെ തുടർനടപടികൾ ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *