കളഞ്ഞുകിട്ടിയ സ്വർണം ഉടമക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി.


തിരൂരങ്ങാടി: കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥിനി മാതൃകയായി. ചെട്ടിപ്പടി സ്വദേശിയും എം.ഇ.എസ് ആസ്മാബി കോളജ് കൊടുങ്ങല്ലൂർ രണ്ടാംവർഷ വിദ്യാർത്ഥിനിയുമായ നിലു സജ്ന എന്ന വിദ്യാർത്ഥിക്ക് ബുധനാഴ്ച ചെമ്മാട് ബ്ലോക്ക് റോഡിൽ നിന്നും ഒന്നര പവൻ്റെ പാദസരം കളഞ്ഞു കിട്ടി.
കിട്ടിയ സ്വർണം അപ്പോൾ തന്നെ വിദ്യാർത്ഥിനി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. വ്യാഴായ്ച തെയ്യാല മേലേക്കാട്ട് വീട്ടിൽ തസ്ലീന എന്ന വീട്ടമ്മയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതായി തിരൂരങ്ങാടി പൊലീസിന് പരാതി ലഭിച്ചു. പരാതിക്കാരിയെ വിളിച്ച് വരുത്തി അന്വേഷിച്ചപ്പോൾ സ്വർണാഭരണം ഇവരുടേത് തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
സ്വർണം തിരിച്ചു നൽകാൻ മാതൃകാപരമായ പ്രവർത്തി സ്വീകരിച്ച വിദ്യാർത്ഥിയെ തന്നെ പൊലീസ് വിളിച്ചുവരുത്തി. തിരൂരങ്ങാടി എസ്.ഐ അഹമ്മദ്കുട്ടി, സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ എന്നിവരുടെ സാനിധ്യത്തിൽ സ്റ്റേഷനിൽ വെച്ച് നിലു സജ്ന ഉടമസ്ഥയായ വീട്ടമ്മ തസ്ലീനക്ക് സ്വർണം കൈമാറി.
വിദ്യാർത്ഥിനി നിലു സജ്നയുടെ സൽപ്രവർത്തിയിൽ തിരൂരങ്ങാടി സി.ഐ കെ.പി സുനിൽകുമാർ അഭിനന്ദിച്ചു.