കണ്ണീരുണങ്ങാതെ വയനാട്, ദുരന്തവും പേറി ചാലിയാര്‍; മരണസംഖ്യ 153, ഉറ്റവര്‍ കാത്തിരിക്കുന്നത് 89 പേര്‍ക്കായി


വയനാട് ഉരുള്‍പൊട്ടലില്‍ രണ്ടാം ദിനം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ മരണസംഖ്യ 153 ആയി ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട 89 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ 83 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നിലവില്‍ 191 പേരാണ് ചികിത്സയിലുള്ളത്. ചാലിയാറില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
രാവിലെയോടെ മൂന്ന് മൃതദേഹങ്ങള്‍ കൂടി ചാലിയാറില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. പോത്തുകല്ല് അങ്ങാടിയ്ക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഇവിടെയും തിരച്ചില്‍ തുടരുകയാണ്. 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നിലമ്പൂരില്‍ പൂര്‍ത്തിയായി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ഇന്നും കഴിഞ്ഞ ദിവസവും ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇരുട്ടുകുത്തി, പോത്തുങ്കല്‍, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിറഞ്ഞൊഴുകുന്ന ചാലിയാറില്‍ മൃതദേഹങ്ങള്‍ കൂടാതെ പാര്‍പ്പിട അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഒഴുകിയെത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. ഇരുട്ടുകുത്തി ആദിവാസി കോളനിയിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിക്കുന്നു.