യു. കലാനാഥൻ അനുസ്മരണ സമ്മേളനവും ജനകീയ സെമിനാറും നടത്തി.

എം എ ബേബി ഉദ്‌ഘാടനം ചെയ്യുന്നു

വള്ളിക്കുന്ന് : ത്രിതല പഞ്ചായത്തിനെ ശാക്തീകരിച്ചു ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ സാധ്യതയെ മുന്നിൽ നിന്ന് കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്തിയ നേതാവാണ് യു. കലാനാഥനെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
വള്ളിക്കുന്ന് അത്താണിക്കലിൽ യു. കലാനാഥൻ അനുസ്മരണ സമ്മേളനവും ജനകീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെ തട്ടിലുള്ള ആസൂത്രണം എങ്ങനെ ശാസ്ത്രീയമായും ജനകീയമായും വികസിപ്പിച്ചെടുക്കണമെന്നും പദ്ധതി നിർവ്വഹണത്തിൽ ജനങ്ങളെ എങ്ങനെ പങ്കാളിയാക്കണമെന്നും അദ്ദേഹം കാണിച്ചുതന്നു. വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിലും ജനാധിപത്യ മാതൃകകളും മൂല്യങ്ങളും പിന്തുടരേണ്ടതുണ്ടെന്ന് കാണിച്ചുതന്നുവെന്നും എം.എ. ബേബി പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് അധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അജിത് കൊളാടി, ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം കെ. ജനചന്ദ്രൻ, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ എന്നിവർ സംസാരിച്ചു.
സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.പി. സോമസുന്ദരൻ യു. കലാനാഥൻ പഠനഗവേഷണ കേന്ദ്രത്തിൻ്റെ പ്രഖ്യാപനം നടത്തി. സംഘാടക സമിതി ചെയർമാൻ ഇ. നരേന്ദ്രദേവ്, ജനറൽ കൺവീനർ പി. ഹൃഷികേശ് കുമാർ എന്നിവർ പ്രസംഗിച്ചു.
കലാനാഥൻ്റെ സഹധർമ്മിണി എം.കെ. ശോഭന, മുൻ പഞ്ചായത്ത് പ്രസിഡന്റ്മാർ ഉൾപ്പടെ നിരവധി പേർ ചടങ്ങിനെത്തി.