NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ച് സര്‍ക്കാർ; 60% വരെ ഇളവ്; പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാണ് കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു.

 

81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.

 

കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ നിലവിൽ വരും.

 

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയുമായാണ് കുറയ്ക്കുന്നത്.

 

151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്.

 

300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്.

 

2023 ഏപ്രിൽ ഒന്നിന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ ഒന്നിന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി.

താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.

കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമ്മിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *