സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരുന്ന 14കാരൻ മരിച്ചു


നിപ ബാധിതനായി ചികിത്സയിലിരുന്ന 14കാരൻ മരിച്ചു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാക്കി, ഇന്ന് രാവിലെ 10.50 ഓടു കൂടി കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി സംസാരിച്ച് സംസ്കാര ചടങ്ങുകൾ ശാസ്ത്രീയ രീതിയിൽ നടത്തും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്. 2018 മെയ്-ജൂൺ മാസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേർ നിപ പോസിറ്റീവ് ആയിരുന്നു. ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത് ഈ വർഷമായിരുന്നു. രോഗബാധിതരിൽ ഒരാൾ മാത്രമാണ് 2018ൽ അതിജീവിച്ചത്. 2019, 2021, 2023 വർഷങ്ങളിലും കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021ൽ കോഴിക്കോട്ട് 12 വയസ്സുള്ള ഒരു ആൺകുട്ടി അണുബാധയെ തുടർന്ന് മരിച്ചു. 2023 ൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ രണ്ട് പേർ മരിച്ചു. ഓരോ അവസരത്തിലും മരണനിരക്ക് കുറയ്ക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. വവ്വാലുകളിലൂടെയാണ് അണുബാധ പടരുന്നതെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.