സിദ്ദിഖ് കാപ്പൻ കേസിൽ സർക്കാർ കക്ഷി ചേരണം – എം.കെ. രാഘവൻ


മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരണമെന്നും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഏകോപന സമിതി രൂപീകരിക്കണമെന്നും എം.കെ. രാഘവൻ എം.പി.
ഉത്തർ പ്രദേശിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ് ക്ലബിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ മഥുര ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന സിദ്ധീഖ് കാപ്പൻ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. ഭരണകൂടങ്ങൾ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കാൻ തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകൂട പിന്തുണയോടെ നടക്കുന്ന പീഢനങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ. പ്രദീപ് കുമാർ എം.എൽ.എ. പറഞ്ഞു. ആശുപത്രിയിൽ അദ്ദേഹത്തെ ചങ്ങലക്കിട്ടു പീഢിപ്പിക്കുന്നത് നീചവും ക്രൂരവുമായ മനോഭാവമാണ്. ഉത്തർപ്രദേശിലെയും രാജ്യത്തെയും ഭരണാധികാരികൾക്ക് ഈ മനോഭവമുണ്ടെന്നതാണ് ഇതിൽ വ്യക്തമാക്കുന്നത്.
രോഗം കൊണ്ട് അവശനായ ഒരു മനുഷ്യൻ രക്ഷപ്പെടുമെന്ന് കരുതാൻ വയ്യ. ഇത് പൊതുസമൂഹത്തിനും മാധ്യമ മേഖലയ്ക്കും വ്യക്തമായ സൂചനയാണ്. അർണബ് ഗോസാമിയുടെ കേസിൽ തിടുക്കം കാട്ടിയ സുപ്രിം കോടതി പോലും
സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ പക്ഷപാത പരമായ നിലപാടുകളാണ് സ്വീകരിച്ചത്.
ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കക്ഷികളും ഒരുമിച്ചു നിന്ന് സിദ്ധീഖ് കാപ്പന് ചികിത്സയും മനുഷ്യാവകാശവും ഉറപ്പാക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ്, കെ.യു.ഡബ്ലു.ജെ. മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, കെ.സി റിയാസ്, പി വിപുൽ നാഥ് , ദീപക് ധർമ്മടം, കെ.എ. സയ്ഫുദീൻ, ടി മുംതാസ്, പി.കെ. സജിത് തുടങ്ങിയവർ പ്രസംഗിച്ചു.