വ്യാജ ആര്‍.സി നിര്‍മ്മാണം: മൂന്ന് പേര് റിമാന്റില്‍, അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്.
1 min read

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയാന്‍കാവ് സ്വദേശി കരുവാടത്ത് നിസാര്‍(37), മിനിസിവില്‍ സ്റ്റേഷന് അടുത്തുള്ള ടാര്‍ജറ്റ് ഓണ്‍ലൈന്‍ ഷോപ്പ് നടത്തുന്ന പെരുവള്ളൂര്‍ കരുവാന്‍കല്ല് പാലന്‍തോടു താമസക്കാരനുമായ നഈം(28), ചെട്ടിപ്പടി സ്വദേശി കോട്ടുവാലന്റെ പുരക്കല്‍ ഫൈജാസ് (32) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
മുഖ്യപ്രതി നിസാറിന്റെ സഹായികളാണ് മറ്റു രണ്ട് പേരും. നിസാറിനെ ഉള്ളണത്തെ വീട് പരിസരത്ത് നിന്നും ഓടിച്ചിട്ടാണ് പൊലീസ് പിടികൂടുന്നത്. ഇയാളില്‍ നിന്നും വാഹനം പിടിച്ചെടുത്തു. ഇയാളുടെ മൊഴി പ്രകാരമാണ് നഈമിനെയും ഫൈജാസിനെയും അറസ്റ്റ് ചെയ്തത്. നഈമിന്റെ ചെമ്മാട്ടേയും ഫൈജാസിന്റെ ചെട്ടിപ്പടിയിലേയും കടകള്‍ പൊലീസ് അടച്ചുപൂട്ടി. ഇവർ ഉപയോഗിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കുകളും സ്‌കാനറുകളും പ്രിന്ററുകളും മറ്റു രേഖകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തു.
സംഭവത്തില്‍ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരുപാട് വാഹനങ്ങള്‍ ഇത്തരത്തില്‍ മാറ്റിയിട്ടുള്ളതായി സംശയിക്കുന്നതായി തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 24-നാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ പൊലീസില്‍ പരാതി നല്‍കിയത്. വ്യാജ ആര്‍.സിക്കെതിരെ ഒരു വാഹനത്തിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നതറിഞ്ഞ്, തന്നെ സംശയിക്കാതിരിക്കാന്‍ ഓഫീസര്‍ നേരത്തെ പരാതി നല്‍കുകയായിരുന്നു വെന്നാണ് സൂചന.
പൊലീസ് കേസെടുക്കാതിരിക്കാനും ഓഫീസിലെ ജീവനക്കാരെയും തന്നെയും സംരക്ഷിക്കുന്നതിന് ചര്‍ച്ചയിലൂടെ പരാതിക്കാരെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നതയാണ് വിവരം. പിന്നീട് പ്രതിഷേധം ശക്തമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
കേസില്‍ നേരത്തെ ആറ് വാഹനങ്ങള്‍ പിടികൂടിയിരുന്നു. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെയും വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ വ്യാജ ആര്‍.സി നിര്‍മ്മിച്ച് കൈമാറ്റം നടത്തിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതല്‍ പ്രതികളും വാഹനങ്ങളും പിടികൂടാനുണ്ടെന്നും സി.ഐ. പറഞ്ഞു.
താനൂർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസൻ, എസ്.ഐമാരായ സാം ജോർജ്ജ്,വിനോദ്,പി രഞ്ജിത്ത്,എ.എസ്.ഐ സുബൈർ, സി.പി.ഒമാരായ ഷൈജു,ജിഷോർ,സൈബർ സെൽ വിദഗ്ദൻ വൈശാഖ്, എസ്.ഐ പ്രമോദ് കെ, കെ ബി അനീസ്, എം പ്രബീഷ്, എം എം ബിജോയ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.