സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്തെത്തി; ഏറെ ആഹ്ലാദകരമായ ചരിത്ര നിമിഷമെന്ന് തുറമുഖ മന്ത്രി


സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്തെത്തിയത് ഏറെ ആഹ്ലാദകരമായ ചരിത്ര നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബഹു കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & വാട്ടർവേയ്‌സ് വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്നും മന്ത്രി പറഞ്ഞു. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു.
അതേസമയം ആരുടെയും കണ്ണീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹാരം കണ്ടുകൊണ്ടാണ് പോർട്ട് കമ്മീഷൻ ചെയ്യാൻ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 106.8 കോടി രൂപ പ്രദേശത്ത് സ്ഥലം വിട്ടു നൽകിയവർക്കും, ജോലി നഷ്ടമായവർക്കും, വിവിധ തരത്തിൽ പ്രയാസം ഉണ്ടായവർക്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു.
കൂടാതെ ഉയർന്നുവന്ന പ്രാദേശിക പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹാരമുണ്ടാകുന്ന രീതിയിലേക്ക് എത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തിന് സാമ്പത്തികപരമായും, വ്യവസായികപരമായും, വാണിജ്യപരമായും, ടൂറിസപരമായും, തൊഴിൽപരമായി വികസനത്തിന്റെ കുതിപ്പ് ഉണ്ടാക്കാൻ വിഴിഞ്ഞം വഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
സാൻ ഫെർണാണ്ടോയെ വിഴിഞ്ഞം പോർട്ടിന്റെ ബർത്തിലേക്ക് അടുപ്പിച്ചു. ഏറെ ആഹ്ലാദകരമായ ചരിത്ര നിമിഷമാണിത്. നാല് ടാഗ് ഷിപ്പുകളുടെ നേതൃത്വത്തിലാണ് കപ്പലിനെ സുഗമമായി ബർത്തിലേക്ക് അടുപ്പിച്ചത്. കപ്പലിനെ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ്ങ് എന്ന പ്രവർത്തിയും പൂർത്തിയാക്കിയതയും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും വിഴിഞ്ഞം എംഎൽഎ ശ്രീ എം വിൻസെന്റിനും, പോർട്ട് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐഎഎസിനും ഒപ്പം മറ്റുള്ളവർക്കും മധുരം നൽകിയാണ് ആഹ്ലാദം പങ്കുവെച്ചതെന്നും മന്ത്രി ഫേസ്ബുക് പേജിൽ കുറിച്ചു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് വരവേറ്റത്. ചെണ്ടമേളം ഉൾപ്പെടെയുള്ള സ്വീകരണമാണ് സാൻ ഫെർണാണ്ടോ കപ്പലിനായി നാട്ടുകാർ ഒരുക്കിയിരുന്നത്. അതേസമയം ട്രയൽ റൺ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.