മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു


മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി എ. പി ഉണ്ണികൃഷ്ണൻ വിടവാങ്ങി. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
പാലത്തിങ്ങൽ കരുണ കാൻസർ സെന്ററിലായിരുന്നു അന്ത്യം.
ദളിത് ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. ദളിത് വിഭാഗങ്ങളെ മുസ്‌ലിം ലീഗ് രാഷ്ട്രീയവുമായി അടുപ്പിക്കുന്നതിൽ ചരിത്രപരമായ പങ്ക് വഹിച്ച അദ്ദേഹം മുസ്‌ലിം ലീഗുമായും പാണക്കാട് കുടുംബവുമായും ഏറെ ഹൃദയ ബന്ധം പുലർത്തിയ നേതാവായിരുന്നു. പട്ടികജാതി സംസ്ഥാനതല ഉപദേശകസമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. വേങ്ങര കണ്ണമംഗലം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍.
ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി 3 മണി മുതൽ 4 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിൽ സൗകര്യമൊരുക്കിയിരുന്നു. .തുടർന്ന് വൈകുന്നേരം 5 മണി മുതൽ 6 മണി വരെ കണ്ണമംഗലം എരഞ്ഞിപ്പടി നാലുകണ്ടം മദ്രസയിൽ പൊതുദർശനത്തിന് വെച്ചു. ശേഷം വീട്ടിലെത്തിച്ച ഭൗതിക ശരീരം നാളെ (ശനി) രാവിലെ 10 മണിക്ക് പരപ്പൻചിന കുടുംബ ശ്മാശനത്തിൽ സംസ്കരിക്കും.
ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.