ഇറുകിയ വസ്ത്രവും അനുചിതമായ മേക്കപ്പും പാടില്ല; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡുമായി ഖത്തര്‍


ഖത്തറിലെ സർക്കാർ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ് പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാർ ജോലി സമയങ്ങളിലും ഔദ്യോഗിക പരിപാടികളിലും ധരിക്കേണ്ട വസ്ത്രധാരണ രീതികള്‍ സംബന്ധിച്ചാണ് അധികൃതർ പുതിയ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്. എല്ലാ ജീവനക്കാരുടെയും തൊഴിൽ അന്തരീക്ഷത്തിന് യോജിച്ച വേഷം നിലനിർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജീവനക്കാർ വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഖത്തറിൻ്റെ കാബിനറ്റ് കാര്യ സഹമന്ത്രി 2024 ലെ 13-ാം നമ്പര്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. ഖത്തരി പുരുഷ ജീവനക്കാർ പരമ്പരാഗത ഖത്തരി വസ്ത്രമായ തോബ്, ഘൂത്ര, ഈഗൽ എന്നിവ ധരിക്കണം. കൂടാതെ ഔദ്യോഗിക അവസരങ്ങളിൽ പങ്കെടുക്കുമ്പോൾ ഖത്തരി വസ്ത്രങ്ങളായ ബിഷ്ത്, തോബെ, ഗുത്ര എന്നിവയും ധരിക്കേണ്ടതുണ്ട്. എന്നാൽ ഓരോ ദിവസവും ഔദ്യോഗിക പരിപാടികളുടെ സമയത്തിനനുസരിച്ച് ഈ ഖത്തരി വസ്ത്രങ്ങളുടെ നിറങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.