NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൈവശമുണ്ടായിരുന്ന 10 ലക്ഷം കാണാനില്ല; ഭീഷണിയുണ്ടായിരുന്നെന്ന് കുടുംബം

തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കരമന സ്വദേശി ദീപു (46)ആണ് കൊല്ലപ്പെട്ടത്. ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും എന്നാൽ ഇവർ ആരാണെന്ന് അറിയില്ലെന്നും ഭാര്യയും മകനും പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയാണ് ദീപു ഇപ്പോള്‍ താമസിക്കുന്ന മലയിൻകീഴിലെ വീട്ടിൽ നിന്നും 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലേക്ക് തിരിച്ചത്. രാത്രി 11 മണിയോടെ കളിയിക്കാവിള പൊലിസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് ദീപുവിന്റെ മൃതേദഹം കണ്ടെത്തിയത്.

 

പൊലീസ് പട്രോളിംഗിനിടെ ബോണറ്റുയർത്തിയ നിലയിൽ ഒരു വാഹനം പാർക്ക് ചെയ്തതായി കണ്ടെത്തി. പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവർ സീറ്റിലുള്ള ദീപു ബെൽറ്റ് ഇട്ടിരിക്കുകയായിരുന്നു. വാഹനം ഓഫ് ചെയ്തിരുന്നില്ല. വാഹനത്തിൽ നിന്നും ഒരാള്‍ ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.

 

ദീപുവിന് മുക്കുന്നിമലയിൽ ക്വാറി യൂണിറ്റുണ്ട്. ഇപ്പോള്‍ യൂണിറ്റ് പ്രവർത്തിക്കുന്നില്ല. വീട്ടിനു സമീപമായി ഒരു നെയ്ത്ത് ശാലയുമുണ്ട്. തമിഴ്നാനാട്ടിൽ നിന്നും പഴയ ജെസിബി വാങ്ങി പാർട്സുകള്‍ വിൽക്കുന്ന ജോലിയുമുണ്ട്. ഇതിനായി പലപ്പോഴായി കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും ദീപു യാത്ര ചെയ്യാറുണ്ട്. അടുത്ത മാസം മുതൽ ക്വാറി തുറക്കാനും തീരുമാനിച്ചിരുന്നു. അതിനായി ഒരു ജെസിബി വാങ്ങുന്ന കാര്യവും അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.

മാർത്താണ്ഡത്തുള്ള ഒരു ഇട നിലക്കാരനും നെയ്യാറ്റിൻകരയിലുള്ള മറ്റൊരാള്‍ക്കും ഒപ്പം യാത്ര ചെയ്യുമെന്നാണ് ജീവനക്കാരനെയും വീട്ടുകാരെയും അറിയിച്ചത്. നെടുമങ്ങാടുള്ള ഒരു ആക്രികച്ചവടക്കാരനുമായി സാമ്പത്തിക തർക്കമുണ്ടെന്നും ജീവനക്കാർ പറയുന്നു. നെയ്യാറ്റിൻകര മുതലുള്ള സിസിടിവി ദൃശ്യങ്ങല്‍ കളിക്കാവിള പൊലിസ് ശേഖരിച്ചു. ഏതനും ആഴ്ചകള്‍ക്ക് മുമ്പ് വീട്ടിലെത്തിയ ചിലരുമായി സാമ്പത്തിക തർക്കമുണ്ടായിട്ടുണ്ട്. മൃതദേഹം വൈകിട്ടോടെ ദീപുവിന്റെ വീട്ടിലെത്തിച്ചു.

 

പണത്തിന്റെ തർക്കത്തിൽ നെടുമങ്ങാട് സ്വദേശിയുടെ ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും കുടുംബം പറയുന്നു. ഒരു ഗ്യാങ്ങാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് അച്ഛൻ പറഞ്ഞിരുന്നതെന്ന് ദീപുവിന്റെ മകൻ മാധവ് പറഞ്ഞു. 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മാധവ് പറഞ്ഞു.

 

ദീപുവിന്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വേഗം അറസ്റ്റുണ്ടാകുമെന്നും കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം വ്യക്തമാക്കി. രണ്ട് ടീമായി തിരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *