NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാഹുൽ ഗാന്ധി വയനാട് ഒഴിയും:  പകരം പ്രിയങ്ക മത്സരിക്കും.

 

ന്യൂഡൽഹി: ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം.

ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണു തീരുമാനം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്.

‘‘രാഹുൽ രണ്ടു സീറ്റിൽ മത്സരിച്ചു. എന്നാൽ അതിൽ ഒരു സീറ്റ് ഒഴി‍യണം. രാഹുൽ റായ്ബറേലിയിൽ തുടരാൻ പാർട്ടി യോഗത്തിൽ തീരുമാനിച്ചു. ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ്ബറേലി. റായ്ബറേലി സീറ്റിൽ തുടരുന്നതാണു നല്ലതെന്നാണ് അവിടുത്തെ പാർട്ടി പ്രവർത്തകർ പറയുന്നത്.

 

വയനാട്ടിലും ഇതേ ആവശ്യം ഉയർന്നു. പക്ഷേ, രണ്ടു സീറ്റിൽ തുടരാൻ നിയമം അനുവദിക്കുന്നില്ല. ഇതിനാൽ ദുഖത്തോടെ വയനാട് ഒഴിയാൻ തീരുമാനിച്ചു. പ്രിയങ്ക വയനാട്ടിൽ മത്സരിക്കും. യോഗത്തിനുശേഷം എഐസിസി അധ്യക്ഷൻ ഖർഗെ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിര്‍ത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്.

 

വയനാട്ടിൽ 3.64 ലക്ഷം വോട്ടിനായിരുന്നു വിജയം. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.

വയനാട്ടിലെ വോട്ടർമാർക്കു നന്ദി പറയാനായി കഴിഞ്ഞയാഴ്ച വയനാട്ടിൽ എത്തിയ രാഹുൽ, മണ്ഡലം ഒഴിയുമോ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയായിരുന്നു. എടവണ്ണയിലും കൽപറ്റയിലും നടന്ന പൊതുയോഗങ്ങളിലൊന്നും ഏതു മണ്ഡലമാകും നിലനിർത്തുകയെന്നു വ്യക്തമാക്കിയില്ല. എന്തു തീരുമാനമെടുത്താലും വയനാടിനും റായ്ബറേലിക്കും സന്തോഷത്തോടെ സ്വീകരിക്കാനാകുമെന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്.

വയനാടോ റായ്ബറേലിയോ എന്ന് പല ആളുകളും ഊഹാപോഹം നടത്തുകയാണ്. എനിക്കൊഴികെ എല്ലാവർക്കും അതിന്റെ ഉത്തരമറിയാം. രാഷ്ട്രീയത്തിൽ എല്ലാവർക്കും എല്ലാമറിയാം. എന്നാൽ, ആ തീരുമാനം എടുക്കേണ്ടയാൾ മാത്രം അത് അറിയണമെന്നില്ല.  കുടുംബാംഗത്തെപ്പോലെ പരിഗണിച്ചതിനും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്നതിനും വയനാട്ടിലെ ഓരോ വോട്ടർമാരോടും രാഹുൽ നന്ദിയും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *