പരപ്പനങ്ങാടിയിൽ നഗരസഭാ അധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും.


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നഗരസഭാ അധ്യക്ഷനെ ഇന്ന് (ബുധൻ) രാവിലെ 11 ന് തിരഞ്ഞെടുക്കും.
നിലവിലെ ചെയർമാൻ മുസ്ലിം ലീഗിലെ എ. ഉസ്മാൻ പാർട്ടി നിർദ്ദേശ പ്രകാരം രാജിവെച്ചതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. നിലവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.പി.ഷാഹുൽ ഹമീദ്, എൽ.ഡി.എഫിലെ ടി. കാർത്തികേയനുമാണ് മത്സര രംഗത്തുള്ളത്.
പാർട്ടിയിലെ മുൻ ധാരണപ്രകാരമാണ് എ. ഉസ്മാൻ ചെയർമാൻ സ്ഥാനം രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ചെയർമാൻ ആരാകുമെന്ന മുസ്ലിം ലീഗിലെ തീരദേശ വിഭാഗക്കാരും കിഴക്കൻ മേഖലയുള്ളവരും തമ്മിൽ തർക്കങ്ങൾ രൂക്ഷമായതോടെയാണ് ഉസ്മാനും ഷാഹുൽ ഹമീദിനും അധ്യക്ഷ പദവി പങ്കിട്ടെടുക്കാമെന്ന് പാർട്ടി ധാരണയിലെത്തിയിരുന്നത്.
ആദ്യ മൂന്ന് വർഷം ഉസ്മാനും തുടർന്നുള്ള രണ്ടുവർഷം ഷാഹുൽ ഹമീദിനും അധ്യക്ഷ പദവി നൽകുമെന്നായിരുന്നു ധാരണ. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പദവിമാറ്റം ഉണ്ടാവാത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു.
ധാരണ പ്രകാരം ഷാഹുൽ ഹമീദിന് അധ്യക്ഷ പദവി നൽകണമെന്ന ആവശ്യവുമായി തീരദേശ വിഭാഗവും നിലവിലെ അധ്യക്ഷൻ ഉസ്മാൻ തന്നെ തുടരട്ടെ എന്ന മറുഭാഗവും ആവശ്യപ്പെട്ടിരുന്നു.
ഇതുസംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ ധാരണപ്രകാരമുള്ള തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ തന്നെ മറുവിഭാഗം ഉറച്ചുനിന്നു. പാർട്ടിയിലെ ഉന്നത ഇടപെടലിനെ തുടർന്ന് കഴിഞ്ഞ മാസം 25 ന് ആണ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഉസ്മാൻ രാജിവെച്ചത്.
രാജിയെ തുടർന്ന് ഭരണസമിതിയിലെ ലീഗ് കൗൺസിലർമാർ തമ്മിൽ രണ്ടുചേരിയായി. പദവി മാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നേതൃസമിതി വിളിച്ചു ചേർത്ത കൗൺസിലർമാരുടെ യോഗത്തിൽ അസംതൃപ്തരായ 12 പേര് പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു.
മാത്രവുമല്ല പാർട്ടി നൽകിയ വിപ്പ് ചൊവ്വാഴ്‌ച രാത്രിവരെ 11 പേർ മാത്രമാണ് കൈപ്പറ്റിയതെന്നാണ് വിവരം.
നിലവിൽ രണ്ട് പേരാണ് മത്സരരംഗത്തുള്ളത്. അസംതൃപ്ത വിഭാഗത്തിന്റെ പ്രതിനിധിയായി എ. ഉസ്മാനും അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ട്.