കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം


കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു.
കക്കോടി കുമാരസ്വാമി സ്വദേശി മോഹൻ ദാസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
ബീച്ച് റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ നിന്ന് പുക ഉയരുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
പിന്തുടർന്ന ട്രാഫിക് പൊലീസുകാർ വാഹനം നിർത്താനായി ആവശ്യപ്പെട്ടു. കാർ റോഡരികിലേക്ക് ഒതുക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു.
സീറ്റ് ബെൽറ്റ് ഊരി കാറിൽ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്താൻ നാട്ടുകാരും മത്സ്യ തൊഴിലാളികളും ശ്രമിച്ചെങ്കിലും പൊട്ടിത്തെറിയോടെ തീ ആളി പടർന്നത് രക്ഷാപ്രവർപ്രവർത്തനത്തിന് തടസ്സമായി.
ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.