“തിരൂരങ്ങാടിയില്‍ അട്ടിമറിക്ക് സാധ്യത”; സി.പി.ഐക്ക് 17 സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് സംസ്ഥാന എക്‌സ്‌ക്യൂട്ടീവ്


എൽ.ഡി.എഫിന് വിജയം ഉറപ്പെന്ന വിലയിരുത്തലില്‍ സി.പി.ഐ സംസ്ഥാന എക്‌സ്‌ക്യൂട്ടീവ്. 80 ലധികം സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തിലെത്തുമെന്നാണ് സിപിഐ വിലയിരുത്തല്‍.
തൃശൂര്‍ ഉള്‍പ്പെടെയുള്ള ചില സിറ്റിംഗ് സീറ്റുകളില്‍ കടുത്ത മത്സരം ഉണ്ടായിയിരുന്നു. മത്സരിച്ച 25 സീറ്റിൽ 17 സീറ്റുകളില്‍ ഉറപ്പായും സിപിഐ വിജയം ആവര്‍ത്തിക്കുമെന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ വിലയിരുത്തൽ.
തൃശൂര്‍ തോല്‍വിക്ക് സാധ്യതയുണ്ടെന്നും സി.പി.ഐ വിലയിരുത്തുന്നു. കഴിഞ്ഞ തവണ വി. എസ് സുനില്‍ കുമാര്‍ വിജയിച്ച മണ്ഡലമാണ് തൃശൂര്‍. ഇത്തവണ സി.പി.ഐയുടെ പി. ബാലചന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
പത്മജാ വേണുഗോപാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എന്‍.ഡി.എയ്ക്ക് വേണ്ടി സുരേഷ് ഗോപിയുമാണ് മത്സരിക്കുന്നത്.
തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം ഉണ്ടാകും. കെ.പി.എ മജീദിന് എതിരെയുള്ള ലീഗിലെ പ്രശ്‌നങ്ങളും, സാമുദായിക പിന്തുണയും നിയാസ് പുളിക്കലകത്തിന് അനുകൂലമാകുമെന്നാണ് സി.പി.ഐ കണക്കുകൂട്ടല്‍.
എൽ.ഡി.എഫിന് 80 സീറ്റുകള്‍ ഉറപ്പായി ലഭിക്കുമെന്നും സി.പി.ഐ പറയുന്നു. നിശബ്ദ ഇടതു തരംഗം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇത് എൽ.ഡി.എഫിന് അനുകൂലമെന്നാണ് സി.പി.ഐ കരുതുന്നത്.
അതേസമയം, ഇടുക്കി ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവിന് കൈമാറിയില്ല.