ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്; പിന്നാലെ കീഴടങ്ങൽ; തെളിവെടുപ്പിന് എത്തിച്ചപ്പോൾ അലറികരഞ്ഞു പ്രതി..!


മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നത് മക്കളുടെ മുന്നിലിട്ട്. പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോള്‍ (38) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂര്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട നിഷമോളും കുട്ടികളും ഒരാഴ്ചയോളമായിട്ടൊള്ളു ക്വാര്‍ട്ടേഴ്സിലേക്ക് മാറിയിട്ട്. ക്വാര്‍ട്ടേഴ്സിന്റെ മറുഭാഗത്ത് താമസിക്കുന്ന കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. നിഷയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചുങ്കത്തറയിലെ ഭര്‍ത്തൃവീട്ടില്‍ വഴക്ക് പതിവായതോടെ രണ്ടാഴ്ച മുന്‍പാണ് നിഷമോള്‍ മാതൃവീടായ കറുകമണ്ണയില്‍ എത്തിയത്.
കഴിഞ്ഞയാഴ്ചയാണ് നിഷയെയും കുട്ടികളെയും മാതാവ് വാടകവീട്ടിലാക്കിയത്. കറുകമണ്ണയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ ഉള്‍പ്പെടെ നാലു മക്കളാണ് ഇവര്‍ക്ക്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദനവും കൊലപാതകവും. പേടിച്ചരണ്ട കുട്ടികള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിയെത്തി വിവരം നല്‍കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷമോളെ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി.പോലീസ് ജീപ്പിൽ നിന്നും ഇറക്കിയതോടെ പ്രതി ചെറുവള്ളിപ്പാറ ഷാജി അലറി കരയുകയായിരുന്നു. നിലമ്പൂർ സി ഐ യുടെ നേതൃത്വത്തിൽ ഏറെ പാടുപെട്ടാണ് പ്രതിയെ വീടിന് ഉള്ളിലേക്ക് കയറ്റിയത്. വീടിനുള്ളിൽ നിന്നും അലറിക്കരഞ്ഞ പ്രതിയെ പോലീസ് ശാന്തനാക്കിയതോടെ നടന്ന സംഭവങ്ങൾ പോലീസിന് മുന്നിൽ പ്രതി വിവരിച്ചു നൽകി.
അടുക്കളയിൽ നിൽക്കുകയായിരുന്ന ഭാര്യ നിഷാ മോളെ കത്തി കൊണ്ട് പിറകിൽ നിന്ന് 4 തവണ വെട്ടിയെന്നാണ് മൊഴി നൽകിയത്. വെട്ടാൻ ഉപയോഗിച്ച കത്തി വീട്ടിൽനിന്ന് കണ്ടെത്തി. മലപ്പുറത്ത് നിന്ന് വിരൽ അടയാള വിദഗ്ധരും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നിഷ മോളുടെ സംസ്കാര ചടങ്ങ് ചുങ്കത്തറയിലെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.