ചെട്ടിപ്പടി ഗുണ്ടാ അക്രമം : റിമാൻ്റിലുള്ള പ്രതികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ നാട്ടുകാർ പിടി കൂടി പോലീസിൽ ഏൽപ്പിച്ച് റിമാൻ്റിൽ കഴിയുന്ന 2 വൈപ്പിൻ സ്വദേശികളെ പരിക്കുകൾ സാരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എറണാങ്കുളം വൈപ്പിൻ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ് (30), കിഴക്കെ വളപ്പിൽ ഹിമസാഗർ (30) എന്നിവരെയാണ് പരപ്പനങ്ങാടി കോടതി റിമാൻ്റ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് അയച്ചിരുന്നത്.
ക്വട്ടേഷൻ സംഘങ്ങളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ പിടികൂടിയ 2 പേർക്കും മർദ്ദനത്തിൽ പരിക്കേറ്റിരുന്നു.
ബുധനാഴ്ച (ഇന്നലെ) വൈകുന്നേരത്തോടെയാണ് ജയിലിൽ നിന്ന് ഇരുവർക്കും വേദന കലശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വിദേശത്ത് നിന്ന് സ്വർണ്ണവുമായി വന്നവർ ഉടമകൾക്ക് നൽകാതെ കബളിപ്പിച്ച് മുങ്ങിയതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സംഘങ്ങളാണ് പിടിക്കപെട്ടവർ.
സ്വർണ്ണവുമായി കടന്ന് കളഞ്ഞ രണ്ട് പേരെയും പിടി കൂടാനെത്തിയതായിരുന്നു വൈപ്പിൻ സ്വദേശികളായ അഞ്ചംഗ ക്വട്ടേഷൻ സംഘം.
സ്വർണ്ണവുമായി കടന്ന് കളഞ്ഞ ചെട്ടിപ്പടി സ്വദേശി ശുഹൈബിന് ഇവരുടെ അക്രമത്തിൽ വെട്ടേറ്റതോടെയാണ് നാട്ടുകാർ സംഘത്തെ കൈകാര്യം ചെയ്തതെന്ന് പറയപ്പെടുന്നു.
പ്രകോപിതരായ നാട്ടുകാരിൽ നിന്ന് പണിപെട്ടാണ് പരപ്പനങ്ങാടി പോലീസ് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട ഇവരെ മോചിപ്പിച്ചത്.
പിന്നീട് പോലീസ് തന്നെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചതും തുടർന്ന് കോടതി റിമാൻ്റ് ചെയ്യുന്നതും.