NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ.ടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ബന്ധുനിയമന വിവാദത്തിലെ കെ.ടി. ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി കോടതി തള്ളി. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്.

ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആയിരുന്നു ലോകായുക്തയുടെ ഉത്തരവ്. എന്നാൽ ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം. ലോകായുക്ത വിധി വന്നതിനു പിന്നാലെ കെ.ടി. ജലീൽ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തിൽ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്റെ ആവശ്യം.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറൽ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.

മന്ത്രി പദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ. ഫിറോസ് 2018 നവംബർ രണ്ടിനാണ് മന്ത്രിക്കെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *