ഉഷ്ണതരംഗം; സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി


കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച്ച അവധി. ഉഷ്ണ തരംഗം കാരണമാണ് വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം.
അങ്കണവാടികളുടെ മറ്റു പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുമെന്നും അറിയിച്ചു.
പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഇന്നലെ റെക്കോർഡ് താപനിലയായ 41.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു.
അതിനിടെ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് എലപ്പുള്ളിയിൽ ഇന്നലെ കനാലിൽ വീണ്കിടക്കുന്ന നിലയിൽ കണ്ടെത്തിയ വയോധികയായ ലക്ഷ്മിയുടെ മരണം സൂര്യഘാതമേറ്റാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
കണ്ണൂർ മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന കിണർ നിർമാണ തൊഴിലാളിയും മരിച്ചു. മാഹി പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥനാണ് മരിച്ചത്. നെടുംബ്രത്ത് പറമ്പിൽ കിണർ പണിക്കിടയിൽ വിശ്വനാഥൻ തളർന്ന് വീഴുകയായിരുന്നു.