NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോളിങ് സാമഗ്രികളുടെ വിതരണം നാളെ ( ഏപ്രില്‍ 25 വ്യാഴം) വിതരണം രാവിലെ എട്ടു മുതല്‍, വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ അറിയാം

1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ (ഏപ്രില്‍ 25) രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ നടക്കും.

പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്‍, വി.വി.പാറ്റ് മെഷീന്‍ എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കുമാണ്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥരെ പ്രത്യേകം വാഹനങ്ങളില്‍ പോളിങ് ബൂത്തുകളില്‍ എത്തിക്കും.
പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ വേളയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. വിതരണ കേന്ദ്രങ്ങളില്‍ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.

സ്വീകരണ സമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള തിരക്ക് ഒഴിവാക്കാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍

കൊണ്ടോട്ടി – (ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേലങ്ങാടി കൊണ്ടോട്ടി),
മഞ്ചേരി – (ജി ബി എച്ച് എസ് എസ് മഞ്ചേരി- ഹൈസ്കൂള്‍), പെരിന്തൽമണ്ണ – (ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ), മങ്കട – (ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ), മലപ്പുറം – (ഗവ. കോളേജ് മലപ്പുറം), വേങ്ങര – (കെ എം മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളേജ്, തിരൂരങ്ങാടി),
വള്ളിക്കുന്ന് – (ഗവ. ഹയർ സെക്കന്ററി സ്കൂൾ തിരൂരങ്ങാടി), ഏറനാട് – (ജി യു പി എസ് ചുള്ളക്കാട് മഞ്ചേരി), നിലമ്പൂർ, വണ്ടൂർ- (മാർത്തോമാ എച്ച്എസ് എസ് ചുങ്കത്തറ),  തിരൂരങ്ങാടി – (തിരൂരങ്ങാടി ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ), ‌തിരൂർ, താനൂർ, കോട്ടക്കൽ – (സീതി സാഹിബ്‌ മെമ്മോറിയൽ പോളി ടെക്നിക് കോളേജ് തിരൂർ),

തവനൂർ- (കേളപ്പജി കോളേജ് ഓഫ് അഗ്രികൽച്ചർ എഞ്ചിനീയറിങ് ആന്റ് ടെക്നോളജി), പൊന്നാനി – (അച്യുത വാര്യർ ഹയർ സെക്കന്ററി സ്കൂൾ പൊന്നാനി).  പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉള്‍പ്പെട്ട പാലക്കാട്‌ ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളേജ് പട്ടാമ്പിയാണ് പോളിങ് സാമഗ്രികളുടെ സ്വീകരണ- വിതരണ കേന്ദ്രം.

വിപുലമായ സജ്ജീകരണങ്ങള്‍

വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ വിതരണ- സ്വീകരണ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഓരോ വിതരണ കേന്ദ്രങ്ങളിലും 12-14 പോളിങ് സ്‌റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്ന ക്രമത്തിൽ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ കൗണ്ടറിലും അനുവദിക്കപ്പെട്ട പോളിങ് സ്‌റ്റേഷനുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കും. ഓരോ പോളിങ് സ്‌റ്റേഷനിലേക്കും അലോട്ട് ചെയ്യുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വിവരം അതത് വിതരണ കേന്ദ്രങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കും. സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്‍പ് ഡെസ്ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവ ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ പോളിങ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുള്ള വാഹനത്തിന്റെ റൂട്ട് നമ്പര്‍, റൂട്ട് ഓഫീസറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലവും വിതരണ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. പോളിങ് പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍/ ഫസ്റ്റ് പോളിങ് ഓഫീസര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ട ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും പ്രവര്‍ത്തന ക്ഷമമാക്കുന്നതിനും പ്രത്യേകം ഹെൽപ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും.

പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിൽ സാമഗ്രികള്‍ തിരിച്ചേല്‍പ്പിച്ച ശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് അവരുടെ വീടുകളിൽ എത്തിച്ചേരാനുള്ള വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിതരണം ഇങ്ങനെ

തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ നേരത്തേ വിതരണ കേന്ദ്രങ്ങളില്‍ എത്തണം. ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനും കൂടെയുള്ള പോളിങ് ടീമിനെയും കണ്ടെത്തിയതിന് ശേഷം അവര്‍ ഒന്നിച്ചെത്തിയാണ് വോട്ടിങ് യന്ത്രവും മറ്റ് പോളിങ് സാമഗ്രികളും കൈപ്പറ്റേണ്ടത്.

എല്ലാ അംഗങ്ങളും എത്തിച്ചേര്‍ന്നാല്‍ ഉടന്‍ പ്രിസൈ‍ഡിങ് ഓഫീസര്‍ പോസ്റ്റിങ് ഓര്‍ഡര്‍, അറ്റന്‍ഡന്‍സ് എന്നിവ ഏറ്റു വാങ്ങണം. എല്ലാ ടീം അംഗങ്ങളുടെയും അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയ ശേഷം കൗണ്ടറില്‍ തിരികെ ഏല്‍പ്പിക്കണം. ഇ.വി.എം ഒഴികെയുള്ള പോളിങ് സാമഗ്രികൾ ജനറല്‍ കൗണ്ടറില്‍ നിന്നാണ് ഏറ്റുവാങ്ങേണ്ടത്.
ഇ.വി.എം/ വി.വി.പാറ്റ് എന്നിവയും അവയുടെ കളക്‍ഷന്‍ ലിസ്റ്റും ഇ.വി.എം കൗണ്ടറില്‍ നിന്നും ഏറ്റു വാങ്ങണം. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍- കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വി.വിപാറ്റ്, വോട്ടേഴ്‌സ് രജിസ്റ്റര്‍, വോട്ടേഴ്‌സ് സ്ലിപ്പ്, വോട്ടര്‍ പട്ടികകള്‍, വോട്ടിങ് കമ്പാര്‍ട്ട്മെന്റ്, 34 ഇനം കവറുകള്‍, 33 ഇനം സ്റ്റേഷനറി സാധനങ്ങള്‍, എട്ട് ഇനം പോസ്റ്ററുകള്‍, രണ്ടു തരം സീലുകള്‍, ഹാന്‍ഡ് ബുക്കുകള്‍, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയവയാണ് ഓരോ പോളിങ് സ്റ്റേഷനിലേക്കും വിതരണം ചെയ്യുക.
വിതരണ കേന്ദ്രം വിട്ടുപോകുന്നതിന് മുമ്പായി എല്ലാ പ്രിസൈഡിങ് ഓഫീസർമാരും/ഫസ്റ്റ് പോളിങ് ഓഫീസർമാരും പോള്‍ മാനേജര്‍ ആപ്പ്, എ.എസ്.ഡി മോണിട്ടര്‍ ആപ്പ്/ എന്‍കോര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

Leave a Reply

Your email address will not be published.