മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ച സംഭവം ; പരപ്പനങ്ങാടിയിൽ അടിയന്തിര യോഗം ചേർന്നു, പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി : നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഗരസഭ ചെയർമാൻ എ. ഉസ്മാൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 20ാം ഡിവിഷനിൽ 19 കാരനായ ദർസ് വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് അടിയന്തിര യോഗം ചേർന്നത്.
രോഗവ്യാപനം തടയുന്നതിന് നടപടികൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
കിണറുകളിൽ ക്‌ളോറിനേഷൻ ചെയ്യുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും. പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നടത്തും. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഉടൻ വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.
ഉപാധ്യക്ഷ കെ. ഷഹർബാൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, മെഡിക്കൽ ഓഫീസർ ഡോ; രമ്യ, സെക്രട്ടറി ഇൻ ചാർജ് വേണു, അസിസ്റ്റൻ്റ് എഞ്ചിനീയർ അനുപമ, നഗരസഭാ ഹെൽത്ത് വിഭാഗം ജെ.എച്ച്.ഐ. ഷാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു