പരപ്പനങ്ങാടിയിൽ വോളിബോൾ കോച്ചിങ് ക്യാമ്പ് ശനിയാഴ്‌ച ആരംഭിക്കും


പരപ്പനങ്ങാടി: കുട്ടികളുടെ വോളിബോൾ അഭിരുചി പ്രോൽസാഹിപ്പിക്കുന്നതിനും പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി പരപ്പനങ്ങാടി ഡോട്സ് വോളി അക്കാദമി സംഘടിപ്പിക്കുന്ന വോളിബോൾ കോച്ചിങ് ക്യാമ്പ് ശനിയാഴ്‌ച ആരംഭിക്കും. ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ വരെ ജേതാക്കളെ സമ്മാനിക്കാൻ ഡോട്സ് അക്കാദമികിന് ഇതിനകം സാധിച്ചിട്ടുണ്ട്.
ഏഷ്യാഡ് വോളിയിൽ ഇന്ത്യൻ ടീമിൽ ഡോട്സിന്റെ ശിഷ്യസമ്പത്തിൽ നിന്നും സാന്നിധ്യമറിയിച്ചിട്ടുണ്ട്. പതിനഞ്ച് വയസിന് താഴെയുള്ളവർക്കാണ് പരിശീലനം നൽകുന്നത്. നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറുവിദ്യാർത്ഥികളാണ് പരിശീലനത്തിനെത്തുന്നത്.
എൻ.ഐ.എസ്. കോച്ച് അശ്വതി നേതൃത്വം നൽകും. ക്യാമ്പിന്റെ മുന്നോടിയായി വിദ്യാർത്ഥികൾക്ക് ബുധനാഴ്ച രാവിലെ ഒമ്പതിന് പുത്തരിക്കലിൽ വെച്ച് മോട്ടീവേഷൻ ക്ലാസ് നടത്തും. മനശാസ്ത്ര വിദഗ്ധ കെ.എ. അശ്വതി ക്ലാസെടുക്കും. പത്രസമ്മേളനത്തിൽ ഡോട്സ് വോളി അക്കാദമി ചെയർമാൻ ടി.പി. കുഞ്ഞിക്കോയ നഹ, കെ.അസ്ഹറുദ്ധീൻ, ടി. സജിൽ ഹുസൈൻ, എം. ഉസ്മാൻ എന്നിവർ പങ്കെടുത്തു.