‘എല്ലാവരും സഹായിച്ചു, എൻ്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാൻ വിധി തരട്ടെ’; റഹീമിൻ്റെ ഉമ്മ


കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള ധനസമാഹാരം പൂർത്തീകരിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് റഹീമിൻ്റെ മാതാവ്.
നാട്ടിലുള്ളവരും പുറം നാട്ടിലുള്ളവരും അള്ളാൻ്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചതുകൊണ്ടാണ് പൈസ ഇത്രയും ലഭിച്ചതെന്ന് റഹീമിൻ്റെ ഉമ്മ പറഞ്ഞു.
എൻ്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാനാൻ പടച്ചോൻ വിധി തരട്ടേയെന്നും മാതാവ് പറഞ്ഞു.
‘എത്ര നാളായി ഞാനും എൻ്റെ കുട്ടിയും വേറിട്ട് നിൽക്കുന്നു. പടച്ചോൻ്റെ കനിവോടെ എൻ്റെ കുട്ടിയെ ഞാൻ കാണട്ടെ. കാണാൻ കഴിയുമെന്നാണ് വിചാരിക്കുന്നത്. നാട്ടിലെ ആളുകളെല്ലാം പരിവുകളെല്ലാം നടത്തുന്നുതുകൊണ്ടാണ് എൻ്റെ കുട്ടിയ്ക്ക് വരാൻ കഴിയുക , അതിന് അള്ളാഹു എത്തിച്ച് കൊടുക്കട്ടെ.
റഹീമിനെ കാണാനും, ഒരുമിച്ച് ജീവിക്കാനും പടച്ചോൻ വിധി തരട്ടെ. നാട്ടിലുള്ളവരും പുറം നാട്ടിലുള്ളവരും അള്ളാഹൻ്റെ ഭൂമിയിലുള്ള എല്ലാവരും സഹായിച്ചതുകൊണ്ടാണ് പൈസ ഇത്രയും ലഭിച്ചത്.
34 കോടി രൂപയാണ് അവർ ചോദിച്ചത്. ഞാൻ എന്ത് ചെയ്യുമെന്ന് വിചാരിച്ചു. പൈസ കൊടുക്കാൻ കഴിയില്ലെന്ന് വിചാരിച്ചു. എൻ്റെ മകന് നാട്ടിൽ എത്താൻ കഴിയില്ലെന്നാണ് വിചാരിച്ചത്.
ഇവിടെയും വരെ എത്തിയില്ലെ. ഇനിയുള്ള പൈസ കൂടി കിട്ടിയാൽ അള്ളാഹു എൻ്റെ കുട്ടിയെ ഇവിടെ എത്തിച്ച് തരും. മകനെ കാണാനായുള്ള വിധി കാണാൻ തരട്ടെ. ഇത്രയും പൈസ നാടുകൊണ്ട് കിട്ടിയില്ലേ. എല്ലാവരും ഒന്നിച്ച് നിന്നപ്പോൾ ലഭിച്ചില്ലെ.
റമദാൻ രണ്ടിന് റഹീം വിളിച്ചിരുന്നു. പൈസ ഒക്കെ ഉണ്ടാക്കുന്നുണ്ടല്ലേയെന്ന് ചോദിച്ചിരുന്നു. ഒന്നും പറയാൻ ഒക്കുന്നില്ലായിരുന്നു കയ്യും കാലുമെല്ലാം വിറച്ചുപോയിരുന്നു. ഒന്ന് കാണാനുള്ള വിധിയുണ്ടാകട്ടെ. എനിക്ക് ബുദ്ധിമുട്ടില്ല ഉമ്മച്ചിയെ എന്നാണ് അവൻ പറയൽ.
ആ നേരം ഭക്ഷണം കഴിക്കുന്നുണ്ടോ, കുടിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ എന്നെ കൊണ്ടാവുന്നില്ലായിരുന്നു’, മാതാവ് പറഞ്ഞു.