കോട്ടക്കലിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം


കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് ദാരുണാന്ത്യം. ശിവകാശി സ്വദേശി പാണ്ഡ്യരാജ് (25) ആണ് മരിച്ചത്.
പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് കോട്ടക്കലിലേക്ക് വരുന്നതിനിടെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയിലുണ്ടായിരുന്നവർ ലോറി വരുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു.
ഡ്രൈവറെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ജെ.സി.ബി. ഉപയോഗിച്ച് ലോറി പുറകിലേക്ക് വലിച്ചുനീക്കി കാബിൻ പൊളിച്ചു മാറ്റിയാണ് ഇയാളെ പുറത്തെടുത്തത്.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ വിഷു വിപണിയിലേക്കുള്ള പടക്കവുമായെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുറത്തെടുത്ത മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആശുത്രിയിലേക്ക് മാറ്റി.