സാങ്കേതിക തകരാര്‍; സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു; റേഷൻ വിതരണം തുടരും


തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു. തകരാറുകൾ പരിഹരിക്കാൻ എൻ. ഐ. സിക്കും ഐ. ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും.
സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ. ഐ. സിയും ഐ. ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.
മാർച്ച് 31നകം മാസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
17 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം മസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിന് പുറത്ത് താമസമുള്ളവർക്ക് മസ്റ്ററിംഗിനായി മതിയായ സമയം നൽകും. കിടപ്പ് രോഗികൾക്ക് പൊതുവിതരണ ഉദ്യോഗസ്ഥർ താമസ സ്ഥലത്ത് നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തിയാക്കും.