യുക്തിവാദിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു.


വളളിക്കുന്ന് : യുക്തിവാദിയും കമ്മ്യൂണിസ്റ്റ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന വള്ളിക്കുന്ന് സ്വദേശി
യു.കലാനാഥൻ മാസ്റ്റർ അന്തരിച്ചു.
ബുധനാഴ്ച രാത്രി 11.30 ഓടെയായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. വാർദ്ധക്യസഹചമായ അസുഖം കാരണം ഏറെ കാലമായി കിടപ്പിലായിരുന്നു.
വള്ളിക്കുന്നിൽ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചി അമ്മയുടെയും മകനായി 1940 ലാണ് യു. കലാനാഥൻ മാസ്റ്റർ
ജനിച്ചത്. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ കലാനാഥൻ മാസ്റ്റർ, ഫറോക്ക് ഗവ: ഗണപത് ഹൈസ്കൂൾ, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളേജ് എന്നിവടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്.
കേരള സ്റ്റുഡൻ്റ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു.
1960 മുതൽ സി.പി.ഐ, സി.പി.ഐ.(എം) പ്രസ്ഥാനങ്ങളോടൊപ്പം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പാർട്ടി ക്ലാസ്സുകൾ നയിച്ചു.1965 ൽ മുതൽ ചാലിയം ഇമ്പിച്ചി ഹാജി ഹൈസ്കൂളിലെ ശാസ്ത്രാധ്യാപകനായിരുന്നു.
1968ൽ സി.പി.ഐ (എം) അംഗം,1970 മുതൽ 1984 വരെ സി.പി.ഐ.(എം) വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗം.
കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
1977 ൽ കേരളയുക്തിവാദി സംഘം
ഗുരുവായൂരിൽ കൊടിമരം സ്വർണ്ണം പൂശുന്നതിനെതിരെ നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരം കയ്യേറിയ ആർ.എസ്.എസുകാരുടെ മർദ്ദനമേറ്റു. 1981ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നടത്തിയ പോരാട്ടം വിജയം കണ്ടു.
1979 മുതൽ 84 വരേയും 1995 മുതൽ 2000 വരേയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗം. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ്, ഏറ്റവും നല്ല ഊർജ്ജസംരക്ഷണ പൊജക്ടിനുള്ള അവാർഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനുള്ള ഭാരത് സേവക് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം. എൻ.സി.മമ്മുട്ടി മാസ്റ്റർ അവാർഡ്, യുക്തിവിചാരം അവാർഡ്, വി.ടി. മെമ്മോറിയൽ അവാർഡ്, ഡോ.രാഹുലൻ മെമ്മോറിയൽ അവാർഡ്, മുത്തഖി അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്..
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസനസമിതി ഉപാധ്യക്ഷൻ, പരപ്പനങ്ങാടി എ.കെ.ജി. ആശുപത്രി ഡയറക്ടർ, കടലുണ്ടി – വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്മെൻ്റ് കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യസംഘം കോഴിക്കോട് ജില്ലാഎക്സിക്യൂട്ടീവ് അംഗം. ദേശാഭിമാനി സ്റ്റഡി സർക്കിൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, പ്രോഗ്രസ് ശാസ്ത്ര സീവ് ഫോറം എന്നീസംഘടനകളിൽ പ്രവർത്തിച്ചു.
കോവൂർ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദർശനത്തിൻ്റേയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. നിരവധി പ്രബന്ധങ്ങളും കൃതികളും രചിച്ചിട്ടുണ്ട്.
1995 ൽ അധ്യാപക ജോലിയിൽ നിന്ന് വാളണ്ടറി റിട്ടയർമെൻ്റ് എടുത്തു.1984 ൽ സി.പി.ഐ (എം) അംഗത്വം ഉപേക്ഷിച്ചു.
കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ജീവിത പങ്കാളിയാക്കി.
ഏക മകൻ ഷമീർ.