NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സൂര്യന് നിഴലില്ലാ നിമിഷങ്ങളുള്ള ദിവസങ്ങൾ വരുന്നു. കേരളത്തിൽ ഇന്ന് മുതൽ തുടക്കം; മലപ്പുറം ജില്ലയിൽ ഈ മാസം 18ന്; സമയം ഉച്ചക്ക് 12:25 ന്

1 min read

 

കേരളത്തിന് സൂര്യൻ നിഴലില്ലാനിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങൾ (സീറോ ഷാഡോ ഡേ) വരുന്നു. സൂര്യന്റെ ഉത്തരായന കാലത്തെ നിഴലില്ലാദിനങ്ങൾ കേരളത്തിൽ ഇന്ന് മുതൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങൾ അനുഭവിക്കാനാവുക. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 12.24ന് ആയിരുന്നു ഈ നിമിഷങ്ങൾ.

നട്ടുച്ചയ്ക്ക് സൂര്യൻ തലയ്ക്കുമുകളിലായിരിക്കും എന്നു പറയാറുണ്ടെങ്കിലും എല്ലാ നട്ടുച്ചകളിലും അതു സംഭവിക്കില്ല. ഒരുവർഷം ഒരിടത്ത് രണ്ടുദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. അപ്പോൾ നിഴലുകൾ അപ്രത്യക്ഷമാകുന്നു. ആ ദിനങ്ങളാണ് നിഴലില്ലാദിവസങ്ങൾ എന്നറിയപ്പെടുന്നത്.

 

ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങൾ ഇത്തരത്തിലുണ്ടാകും. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ഓഗസ്റ്റിലുമാണ്. ഭൂമിയിൽ +23.5 ഡിഗ്രിക്കും -23.5 ഡിഗ്രിക്കും ഇടയിൽ അക്ഷാംശംവരുന്ന ഇടങ്ങളിൽ മാത്രമേ ഇത്തരം നിഴലില്ലാദിവസങ്ങൾ ഉണ്ടാകൂ.

 

കേരളം മുഴുവനായും ഈ പരിധിയിൽ വരുന്നു. ഉത്തരേന്ത്യയിൽ ഇത് ഒരിക്കലും സംഭവിക്കുന്നില്ല. അവിടം ഈ പരിധിക്ക് വെളിയിലായതിനാലാണ്. ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ആൻഡ്രോയ്ഡിൽ സീറോ ഷാഡോ ഡെയ്സ് എന്ന് തിരഞ്ഞാൽ ഇതുലഭിക്കും.

Leave a Reply

Your email address will not be published.