NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ്‌ തീര്‍ത്ഥാടകരുടെ യാത്രാനിരക്ക്‌ 42,000 രൂപ കുറച്ചു

1 min read

കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാൻ നല്‍കിയ കത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1,65,000/- ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്‌ചയിച്ചിരുന്ന നിരക്ക്. ഇതില്‍ 42,000 രൂപയാണ് കുറച്ചത്. ഇതോടെ കരിപ്പൂർ വഴിയുള്ള നിരക്ക് 1,23,000/- രൂപ ആയി കുറയുമെന്ന് മന്ത്രി അബ്ദുറഹ്മാന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഹജ്ജ് സംബന്ധമായ കാര്യങ്ങളില്‍ ഇടതടവില്ലാതെയും സമയബന്ധിതവുമായും നടപടി സ്വീകരിച്ചു വരുന്നതായും സംസ്ഥാനം 2023-ല്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യം 2024-ലും നിലനിര്‍ത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

യാത്രാക്കൂലി കുറയ്ക്കുന്നത് സംബന്ധിച്ച്‌ സംസ്ഥാനം ആവശ്യപ്പെട്ട കാര്യം അനുഭാവപൂര്‍വ്വം പരിഗണിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു. എംബാര്‍ക്കേഷന്‍ പോയിന്‍റുകളില്‍ വിളിച്ച ടെണ്ടറുകളില്‍ ക്വാട്ടുകള്‍ ലഭിക്കുന്നത് വിവിധ സാങ്കേതിക കാര്യങ്ങള്‍ മുന്‍നിര്‍ത്തി ആണെന്നും അതാണ്‌ കോഴിക്കോട്ട് നിന്നുള്ള നിരക്ക് ഉയരാനിടയാക്കിയതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയും തീര്‍ത്ഥാടകരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ്‌ യാത്രാക്കൂലിയില്‍ കുറവ്‌ വരുത്തിയതെന്നും കേന്ദ്ര മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

Leave a Reply

Your email address will not be published.